ന്യൂഡൽഹി: ജമ്മു-കശ്മീരിനെ ഇന്ത്യയോട് ചേർത്തപ്പോൾ ജമ്മു-കശ്മീരിന് പ്രത്യേകമായ ഭരണഘടനസഭ ഉണ്ടാ ക്കാമെന്ന് ന്യൂഡൽഹി അംഗീകരിച്ചതാണെന്നും അങ്ങനെയാണ് ജമ്മു-കശ്മീർ ഭരണഘടനയുണ്ടാക്കിയ ശേഷം ആ സഭ 1957ൽ പിരിച്ചുവിട്ടതെന്നും മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചു. ഈ ജമ്മു-കശ്മീർ ഭരണഘടന സഭ ഇന്ത്യൻ ഭരണഘടനയുടെ 370ാം അനുഛേദം നിലനിർത്തണമെന്നാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജമ്മു-കശ്മീർ ഭരണഘടന സഭ അത്തരമൊരു നിലപാടെടുക്കുകയും ആ നിലപാട് ന്യൂഡൽഹി അംഗീകരിക്കുകയും ചെയ്ത ശേഷം ഏകപക്ഷീയമായി ഈ ക്രമീകരണം റദ്ദാക്കുന്നതെങ്ങനെയാണെന്ന് ഗോപാൽ സുബ്രഹ്മണ്യം ചോദിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെയായിരുന്നില്ല ജമ്മു-കശ്മീർ. അതിന് സ്വന്തമായ ഭരണഘടനയുണ്ടായിരുന്നു. ആ ഭരണഘടനയാൽ സ്ഥാപിച്ചതാണ് ജമ്മു-കശ്മീർ ഹൈകോടതി. മറ്റു രാജാക്കന്മാർ അവരവരുടെ നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ലയിപ്പിച്ച ഉടമ്പടിപോലെയായിരുന്നില്ല കശ്മീർ രാജാവ് ഉണ്ടാക്കിയ ഉടമ്പടി. ജമ്മു-കശ്മീരിന് പ്രത്യേക ഭരണഘടന സഭ വേണമെന്ന് രാജാവ് ആവശ്യപ്പെട്ടതാണ്.
ജമ്മു-കശ്മീർ ഭരണഘടന സഭയുടെ എല്ലാ നിർദേശങ്ങളും ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഇതായിരുന്നു ഇന്ത്യ കാണിച്ച നയതന്ത്രജ്ഞത. ഇന്ത്യക്കും ജമ്മു-കശ്മീരിനുമിടയിലെ ആശയവിനിമയത്തിനുള്ള ഭാഷയായിരുന്നു 370ാം അനുഛേദം. അതിലൂടെയാണ് ഇന്ത്യൻ ഭരണഘടനയും ജമ്മു-കശ്മീർ ഭരണഘടനയും പരസ്പരം സംസാരിച്ചിരുന്നത്. ജമ്മു-കശ്മീർ ഭരണഘടന ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടാണ് ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായതെന്നും സുബ്രഹ്മണ്യം വാദിച്ചു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഹരജി സമർപ്പിച്ചവരിലൊരാളായ മുസഫർ ഇഖ്ബാൽ ഖാനുവേണ്ടിയാണ് ഗോപാൽ സുബ്രഹ്മണ്യം ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.