ശ്രീ​ന​ഗ​റി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി മ​ട​ങ്ങു​ന്ന വയോധിക

ജമ്മു- കശ്മീർ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ 56.05 ശതമാനം പോളിങ്

ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 56.05 ശതമാനം പോളിങ്. കനത്ത സുരക്ഷ സന്നാഹങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച വോട്ടെടുപ്പ് സമാധാനപരമായാണ് പുരോഗമിച്ചത്. ആറ് ജില്ലകളിലെ 26 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

മിക്ക സ്ഥലങ്ങളിലും ഉയർന്ന തോതിൽ പോളിങ് നടന്നപ്പോൾ ശ്രീനഗറിൽ കുറഞ്ഞ പങ്കാളിത്തമാണുണ്ടായത്. ശ്രീനഗറിലെ എട്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പിനോട് തണുപ്പൻ പ്രതികരണമാണുണ്ടായത്. അതേസമയം, ഗന്ദർബാൽ, ബുദ്ഗാം ജില്ലകളിൽ രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിര കാണാൻ കഴിഞ്ഞു. ജമ്മു മേഖലയിലെ റീസി ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്-71.81 ശതമാനം. പൂഞ്ചിൽ 71.59 ശതമാനവും പോളിങ് രേഖപ്പെടുത്തി. അതേസമയം, ശ്രീനഗറിൽ 27.37 ശതമാനം മാത്രമാണ് പോളിങ്. കശ്മീർ മേഖലയിൽ ബുദ്ഗാമിലാണ് കുടുതൽ പോളിങ് -58.97 ശതമാനം. തൊട്ടുപിന്നിൽ ഗന്ദർബാലാണ് -58.81 ശതമാനം. ആറ് ജില്ലകളിലെയും രണ്ടാം ഘട്ടത്തിലെ പോളിങ് ശതമാനം ലോക്സഭ തെരഞ്ഞെടുപ്പിനേതിനേക്കാൾ കൂടുതലാണ്. അവസാനഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിന് നടക്കും. ഹരിയാനക്കൊപ്പം ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ. ചരിത്രം കുറിക്കുന്നതാണ് ഇത്തവണത്തെ വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അനുമതിയോടെ അമേരിക്ക ഉൾപ്പെടെ 15 വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ ജമ്മു-കശ്മീരിൽ എത്തിയിരുന്നു. ബുധ്ഗാം ജില്ലയിലെ വിവിധ പോളിങ് കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം വോട്ടർമാരുമായി സംസാരിക്കുകയും ചെയ്തു. അതേസമയം, വിദേശസംഘത്തി​ന്റെ സന്ദർശനത്തെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വോട്ടെടുപ്പിലെ ഉയർന്ന പങ്കാളിത്തം ജനങ്ങളുടെ വിജയമാണെന്നും എന്നാൽ, ഇതി​​ന്റെ ക്രെഡിറ്റ് കേന്ദ്ര സർക്കാർ തട്ടിയെടുക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല കുറ്റപ്പെടുത്തി. 

Tags:    
News Summary - Jammu and Kashmir Elections: 56.05 percent polling in the second phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.