ശ്രീനഗർ: ജമ്മു-കശ്മീർ മൂന്നു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച േശഷം നടന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവർ നേതൃത്വം നൽകുന്ന ഗുപ്കർ സഖ്യം 13 ജില്ലകളിൽ വിജയം കൊയ്തു.
ജമ്മുവിലെ ആറ് ജില്ലകളിൽ ബി.ജെ.പി മേധാവിത്വം നേടി. 20 ജില്ലകളിലെ വികസന കൗൺസിലുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 280 സീറ്റുകളിൽ ഗുപ്കർ സഖ്യത്തിന് 110ഉം ബി.ജെ.പിക്ക് 74 സീറ്റും ലഭിച്ചു. സ്വതന്ത്രർ 49 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസിന് 26 സീറ്റാണ് കിട്ടിയത്്. 74 സീറ്റിൽ വിജയിച്ച ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജമ്മുവിലെ ഹിന്ദു ഭുരിപക്ഷ ജില്ലകളായ ജമ്മു, ഉദ്ദംപൂർ, കഠ്വ, സാംബ, റിയാസി, ഡോഡ എന്നിവിടങ്ങളിലാണ് ബി.ജെ.പിയുടെ മന്നേറ്റം. കശ്മീരിലെ മൂന്ന് സീറ്റുകൾ ബി.ജെ.പി പിന്തുണക്കുന്ന അപ്നി പാർടിക്കാണ് ലഭിച്ചത്്. ഈ വർഷം രൂപീകരിച്ച അപ്നി പാർടി 12 സീറ്റുകളിൽ വിജയിച്ചു. കശ്മീർ താഴ്വരയിലെ പൂഞ്ച്, രജൗരി, കിശ്ത്വാർ, രംബാൻ ജില്ലകളാണ് ഗുപ്കർ സഖ്യത്തെ തുണച്ചത്. നാഷനൽ കോൺഫറൻസ് 67 സീറ്റ് നേടിയപ്പോൾ പി.ഡി.പിക്ക് 27 സീറ്റിൽ വിജയിക്കാനായി. വോട്ടെണ്ണൽ തുടരുകയാണ്.
ബി.ജെ.പിക്ക് 4.5 ലക്ഷം വോട്ടുകൾ കിട്ടിയെന്നും എൻ.സി, പി.ഡി.പി, കോൺഗ്രസ് എന്നിവർക്ക് മൊത്തമായി ലഭിച്ച വോട്ടിനേക്കാൾ കൂടുതലാണിതെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. എന്നാൽ, കശ്മീരിന് പ്രത്യേക അവകാശം നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെയാണ് ജനവിധിയെന്ന് ഉമർ അബ്ദുല്ലയും മഹ്ബൂബ മുഫ്തിയും പ്രതികരിച്ചു. മൂന്ന് സീറ്റുകൾ കശ്മീരിൽ നേടിയതാണ് ബി.ജെ.പി നേട്ടമായി പറയുന്നത്. എന്നാൽ, ജമ്മു മേഖലയിൽ 35 സീറ്റ് ഗുപ്കർ സഖ്യം നേടിയതിനെ കുറിച്ച് പറയുന്നില്ലെന്നും ഉമർ അബ്ദുല്ല വ്യക്തമാക്കി.
മത്സരിച്ച ഏഴ് മുൻ മന്ത്രിമാരിൽ അഞ്ച് പേരും വിജയിച്ചപ്പോൾ ബി.ജെ.പി ടിക്കറ്റിൽ ജനവിധി തേടിയ ശാംലാൽ ചൗധരി, ശക്തിരാജ് പരിഹാർ എന്നിവർ പരാജയപ്പെട്ടു. താജ് മുഹ്യുദ്ദീൻ, അബ്ദുൽ ഗനി, ജഗ്ജീവൻ ലാൽ, അജാസ് അഹമദ് ഖാൻ, ശബീർ അഹ്മദ് ഖാൻ എന്നിവരാണ് വിജയിച്ച പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.