ജയലളിതയുടെ ആരോഗ്യനില : നാലു ദിവസമായി വെളിപ്പെടുത്തലില്ല

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ നാലുദിവസമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നില്ല. കൃത്യമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാത്തത് അണ്ണാ ഡി.എം.കെയുടെ സമ്മര്‍ദം മൂലമാണെന്ന് മുമ്പുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ചികിത്സകള്‍ക്കായി കുറച്ചുനാളുകള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വ്യക്തമാക്കിയതിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാത്ത ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യമേഖലയില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ എത്തിക്സ് ബന്ധപ്പെട്ടവര്‍ പാലിക്കുന്നില്ളെന്നാണ് ആരോപണം. ലണ്ടനില്‍ നിന്നത്തെിയ വിദഗ്ധനും എയിംസ് ഡോക്ടര്‍മാരും കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ചികിത്സകള്‍ പുരോഗമിക്കുകയാണ്.

ജയലളിത വഹിച്ചിരുന്ന വകുപ്പുകളുടെ ചുമതല ധനമന്ത്രി ഒ. പന്നീര്‍സെല്‍വം ഏറ്റെടുത്തു. മറ്റ് മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥരുടെ വകുപ്പുതല യോഗം വിളിച്ച് ഭരണചക്രം സ്തംഭിക്കാന്‍ പാടില്ളെന്ന് പ്രത്യേക നിര്‍ദേശം നല്‍കുന്നുണ്ട്. ജയലളിതയുടെ നിര്‍ദേശപ്രകാരം തങ്ങള്‍ ജോലിയില്‍ വ്യാപൃതരാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. അതിനിടെ, ജയലളിതയുടെ ആരോഗ്യനിലയില്‍ അഭ്യൂഹം പരത്തിയതിന് ഒരാള്‍ക്കൂടി അറസ്റ്റിലായി. തൂത്തുക്കുടി പുതുക്കോട്ടൈ മണപ്പാട് ക്രിസ്ത്യന്‍ പള്ളിയിലെ പുരോഹിതനായ അന്തോണി യേശുദാസ് ആണ് അറസ്റ്റിലായത്. ഫേസ്ബുക് പേജിലെ കുറിപ്പിന്‍െറ പേരിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ഈ വിഷയത്തില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴു പേര്‍  ഇതുവരെ അറസ്റ്റിലായി. അഭ്യൂഹം പരത്തിയെന്നാരോപിച്ച് വ്യാപകമായ കേസും  അറസ്റ്റും ഉണ്ടാകുന്നതിനെതിരെ പ്രതിപക്ഷം രംഗത്തത്തെി.

കള്ളക്കേസുകള്‍ ചുമത്തി തങ്ങളുടെ അണികളെ അറസ്റ്റ് ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക്  ഡി.എം.കെ നേതൃത്വം പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ ജനങ്ങളുടെ ആശങ്കയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് പാട്ടാളി മക്കള്‍ കക്ഷി സ്ഥാപകന്‍ ഡോ. പി.എം. രാമദാസ് ചൂണ്ടിക്കാട്ടി. ജയലളിതയുടെ ആരോഗ്യനില കൃത്യമായി വെളിപ്പെടുത്തിയാല്‍ അഭ്യൂഹ പ്രചാരണത്തിന് സാധ്യതയില്ളെന്ന് പൊതുവെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിരം ഗവര്‍ണറെ നിയമിക്കാന്‍ കേന്ദ്രം ആലോചന തുടങ്ങിയതായി വിവരമുണ്ട്. മഹാരാഷ്ട്ര ഗവര്‍ണറായ സി. വിദ്യാസാഗര്‍ റാവുവാണ് തമിഴ്നാടിന്‍െറ അധിക ചുമതല വഹിക്കുന്നത്. ഇദ്ദേഹം ആഴ്ചകളായി ചെന്നൈയില്‍ തങ്ങുകയാണ്.

തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മുഴുസമയ ഗവര്‍ണറുടെ ആവശ്യം ബന്ധപ്പെട്ടവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അണ്ണാ ഡി.എം.കെക്ക് കൂടി താല്‍പര്യമുള്ളയാളെ ആയിരിക്കും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുക. ദക്ഷിണേന്ത്യയിലുള്ള ഒരാളെ തമിഴ്നാട് ഗവര്‍ണറായി നിയമിക്കണമെന്ന് വി.സി.കെ അധ്യക്ഷന്‍ തിരുമാളവന്‍ ആവശ്യപ്പെട്ടു. തമിഴ്നാടിന്‍െറ രാഷ്ട്രീയ അവസ്ഥ ദക്ഷിണേന്ത്യക്കാരനാകും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുക എന്ന് തിരുമാളവന്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - jayalalitha treatment,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.