ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയളിതയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. ജയലളിത ബോധം പൂർണമായും വീണ്ടെടുത്തു. കിടക്കയിൽ നിന്ന് എഴുന്നേറ്റിരിക്കാൻ തുടങ്ങിയതായും അധികൃതർ അറിയിച്ചു.
കുറച്ചു ദിവസങ്ങൾ കൂടി ചികിത്സ തുടരേണ്ടിവരുമെന്നും കൃത്രിമ ശ്വാസം നൽകുന്നതിനുള്ള ട്യൂബ് മാറ്റിയാൽ മാത്രമേ ജയലളിതക്ക് സംസാരിക്കാൻ കഴിയൂയെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശ അണുബാധയെ തുടർന്ന് മൂന്നാഴ്ചയിലേറെയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ജയലളിത ആരോഗ്യം പൂർണമായും വീണ്ടെടുത്തെന്നും എത്രയും വേഗം സ്വവസതിയിലേക്ക് മടങ്ങുമെന്നും എ.െഎ.എ.ഡി.എം.കെ വക്താവ് സി.ആർ സരസ്വതി മാധ്യമങ്ങളോടു പറഞ്ഞു. അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരുടെയും വിദേശത്തുനിന്ന് എത്തിയ വിദഗ്ധരുടെയും നേതൃത്വത്തിൽ ചികിത്സ നടന്നുകൊണ്ടിരിക്കയാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള വിശ്രമത്തിനു ശേഷം മുഖ്യമന്ത്രി ഉടൻ വസതിയിലേക്കും ഒൗദ്യോഗിക പദവിയിലേക്കും തിരിച്ചെത്തുമെന്നും സി.ആർ സരസ്വതി പറഞ്ഞു.
68 കാരിയായ ജയലളിതയെ അസുഖത്തെ തുടർന്ന് സെപ്തംബർ 22 നാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും നിർജലീകരണവുമാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് ശ്വാസകോശ അണുബാധയാണെന്ന് സ്ഥിരീകരിക്കുകയും ലണ്ടനിൽ നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം ചെന്നൈയിലെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.