ജയയുടെ മരണത്തില്‍ ദുരൂഹത: ഹൈകോടതിയില്‍ കൂടുതല്‍ ഹരജികള്‍ 

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് വ്യാഴാഴ്ച ഒരുമാസം തികയവെ, മരണത്തില്‍ ദുരൂഹത ആരോപിച്ച് കൂടുതലാളുകള്‍ മദ്രാസ് ഹൈകോടതിയെ സമീപിക്കുന്നു. ഹരജികള്‍ ഒരുമിച്ച് ഈ മാസം ഒമ്പതിന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്. ജയലളിതക്ക് നല്‍കിയ ചികിത്സകള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി എയിംസിനും ചെന്നൈ അപ്പോളോ ആശുപത്രിക്കും നിര്‍ദേശം നല്‍കണമെന്നു നാഗപട്ടണം സ്വദേശിയായ ജി. ജ്ഞാന ശേഖരന്‍ പൊതുതാല്‍പര്യ ഹരജിയില്‍ ആവശ്യപ്പെട്ടു.

ജീവന്‍ സഹായ ഉപകരണങ്ങളെ സംബന്ധിച്ച് വ്യക്തമാക്കണം. ചികിത്സാവിവരങ്ങള്‍ പരിശോധിക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥരും ആരോഗ്യവിദഗ്ധരും ഉള്‍പ്പെട്ട സമിതിയെ നിയമിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി മറ്റൊരു ഹരജി നല്‍കി. സി.ബി.ഐ, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ജയലളിതയുടെ ആശുപത്രി വാസവും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് രാമസ്വാമി മുമ്പും കോടതിയെ സമീപിച്ചിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജികള്‍ തള്ളുകയായിരുന്നു. 

അണ്ണാഡി.എം.കെ പ്രവര്‍ത്തകനായ പി.എ. ജോസഫ് നല്‍കിയ ഹരജി കഴിഞ്ഞയാഴ്ച പരിഗണിച്ച മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് എസ്. വൈദ്യനാഥന്‍, ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന നിരീക്ഷണം നടത്തിയിരുന്നു. 
ജയലളിതയുടെ ആരോഗ്യവിവരം മറച്ചുവെച്ചതെന്തിനാണെന്നും എന്തുസംഭവിച്ചെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥന്‍ പറഞ്ഞു. ജയലളിതയുടെ മരണം റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയില്‍ കമീഷന്‍ രൂപവത്കരിച്ച് അന്വേഷിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഈ കേസും ഒമ്പതിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും പരിഗണിക്കുക. 
സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത അണുബാധയത്തെുടര്‍ന്ന് ഡിസംബര്‍ അഞ്ചിനാണ് മരണപ്പെടുന്നത്. 

Tags:    
News Summary - jayalalitha's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.