പാട്ന: ബിഹാറിലെ സമസ്തിപൂരിൽ ജെ.ഡി.യു നേതാവ് മുഹമ്മദ് ഖലീൽ ആലം റിസ്വിയെ (34) അക്രമികൾ ആൾക്കൂട്ടക്കൊലക്കിരയാക്കിയത് ബീഫ് കഴിച്ചെന്ന കാരണത്താൽ. കേസിലെ പ്രധാന പ്രതി അനുരാഗ് ഝാ മുഹമ്മദ് ഖലീലിനെ മർദിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇയാളുടെ നേതൃത്വത്തിൽ അക്രമികൾ ബീഫ് കഴിച്ചതിന്‍റെ പേര് പറഞ്ഞാണ് മുഹമ്മദ് ഖലീലിനെ മർദിക്കുന്നത്. പിന്നീട് കത്തിക്കരിഞ്ഞ നിലയിൽ മുഹമ്മദ് ഖലീലിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തല്ലിക്കൊന്ന ശേഷം കത്തിച്ചതാണെന്നാണ് നിഗമനം.
ഇവരുടെ മേഖലയിൽ എവിടെയാണ് ഗോമാംസം ലഭിക്കുന്നതെന്ന് അക്രമികൾ മുഹമ്മദ് ഖലീലിനോട് ചോദിക്കുന്നത് വിഡിയോയിലുണ്ട്. ബീഫ് കഴിച്ചതായി കുറ്റസമ്മതം നടത്തിക്കുന്നതും അക്രമികൾ ചിത്രീകരിച്ചു. ഹിന്ദുക്കൾ ഈ വിഡിയോ പരമാവധി പ്രചരിപ്പിക്കണമെന്ന് പ്രതി അനുരാഗ് ഝാ ആവശ്യപ്പെടുന്നുമുണ്ട്.
ഫെബ്രുവരി 16നാണ് മുസ്രിഘരാരിയിലെ ഹുദിയ ഗ്രാമത്തിലെ പ്രാദേശിക ജെ.ഡി.യു നേതാവായ മുഹമ്മദ് ഖലീൽ ആലം റിസ്വിയെ തട്ടിക്കൊണ്ടുപോകുന്നതും പിന്നീട് കൊലപ്പെടുത്തുന്നതും. 18നാണ് കത്തിക്കരിഞ്ഞ മൃതദേഹം വസുദേവ്പൂരിലെ കോഴിഫാമിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പെട്ടെന്ന് ദ്രവിക്കാനായി ഉപ്പുവിതറുകയും ചെയ്തിരുന്നു.
മുഹമ്മദ് ഖലീലിനെ തട്ടിക്കൊണ്ടുപോയവർ പണം ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ നിരവധി തവണ വിളിച്ചിരുന്നു. ഫെബ്രുവരി 17ന് കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ മുഹമ്മദ് ഖലീൽ മറ്റൊരു പ്രതിയായ വിപൂൽ ഝാക്കും കൂട്ടർക്കും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.70 ലക്ഷം രൂപ വാങ്ങുകയും ജോലി നൽകാത്തതിനെ തുടർന്ന് പ്രതികൾ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, പൊലീസ് റിപ്പോർട്ടിനെ പൂർണമായും നിരാകരിക്കുന്നതാണ് മുഖ്യപ്രതിയായ അനുരാജ് ഝാ പങ്കുവെച്ച വിഡിയോയിലെ ദൃശ്യങ്ങൾ. ബീഫ് കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ.
കേസിലെ വിപുൽ ഝാ, കിഷൻ ഝാ എന്നീ രണ്ട് പ്രതികളാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെ പിടികൂടാനായിട്ടില്ല.
ബിഹാറിൽ ക്രമസമാധാന നില തകർന്നതിനു തെളിവാണ് ഭരണകക്ഷിയായ ജെ.ഡി.യുവിന്റെ നേതാവ് തന്നെ ആൾക്കൂട്ട കൊലയ്ക്ക് ഇരയായതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.