മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോല ദേശീയ പാത 66ൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ (30) ഉൾപ്പെടെ മൂന്ന് പേരെ കണ്ടെത്താനുള്ള തിരച്ചിൽ ഇനി ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവാലി നദിയിലെ മൺതിട്ടകൾ നീക്കിയ ശേഷം മാത്രം. ഉത്തര കന്നഡ ജില്ല ഭരണകൂടം വെള്ളിയാഴ്ച രാത്രി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയതിന് പിന്നാലെ ശനിയാഴ്ച മുഴുവൻ ഏജൻസികളുടേയും തിരച്ചിൽ നിലച്ചു.
ഗോവയിൽനിന്ന് ഡ്രഡ്ജർ വ്യാഴാഴ്ച എത്തുമെന്നാണ് ജില്ല ഭരണകൂടം നൽകുന്ന വിവരം. വെയിൽ പരന്ന അന്തരീക്ഷവും ഗംഗാവാലി നദി അടിയൊഴുക്ക് വേഗം രണ്ട് നോട്സ് വരെ താഴ്ന്ന തെളിനീരും കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിലിന് ഏറെ അനുകൂലമായിരുന്നു. എന്നാൽ, വെള്ളിയാഴ്ച മുതൽ മഴ പെയ്തതോടെ നദിയിലെ വെള്ളം കലങ്ങി. ശനിയാഴ്ച നാവികസേന, മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും സംഘവും, കേന്ദ്ര-കർണാടക പ്രകൃതി ദുരന്ത നിവാരണസേനകൾ എന്നിവർ ഉത്തര കന്നട ജില്ല ഭരണകൂട ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയില്ല.
തിരച്ചിൽ പുനരാരംഭിച്ച ബുധനാഴ്ച, അർജുൻ ഓടിച്ച ലോറിയിൽ മരം കെട്ടാൻ ഉപയോഗിച്ച കയർ നാവികസേന കണ്ടെത്തിയത് പ്രതീക്ഷ നൽകിയിരുന്നു. അർജുൻ അവസാനമായി ആഹാരം കഴിച്ചതായി പറഞ്ഞ ലക്ഷ്മണ നായ്കിന്റെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് നദിയിൽ നിന്നായിരുന്നു കയർ കിട്ടിയത്.
ഏതാനും ലോഹക്കഷണങ്ങളും ലഭിച്ചു. സ്വാതന്ത്ര്യദിനത്തിൽ തിരച്ചിലിന് അവധി നൽകി വെള്ളിയാഴ്ച തുടർന്നപ്പോൾ ലോഹക്കഷണങ്ങല്ലാതെ ആശാവഹമായി ഒന്നും കിട്ടിയില്ല. മഴയും നദിയിലെ കലക്കവും പ്രതികൂലമാവുകയും ചെയ്തു. ഇതോടെയാണ് തിരച്ചിൽ ദൗത്യം ഏകോപനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയോഗിച്ച കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സയിൽ, ഉത്തര കന്നഡ ജില്ല ഡെപ്യൂട്ടി കമീഷണർ കെ. ലക്ഷ്മി പ്രിയ, ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണ തുടങ്ങിയവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി യോഗം ചേർന്ന് തിരച്ചിൽ താൽക്കാലികമായി നിർത്താൻ തീരുമാനിച്ചത്.
കേരളം ഡ്രഡ്ജർ അയച്ചില്ലെന്ന ആരോപണം നിലനിൽക്കെ ഗോവയിൽ നിന്നാണ് കൊണ്ടുവരുന്നത്. ഡ്രെഡ്ജിങ് കമ്പനി മാനേജിങ് ഡയറക്ടർ മഹേന്ദ്ര ജില്ല ഭരണകൂടത്തെ അറിയിച്ച പ്രകാരം വ്യാഴാഴ്ച ഡ്രഡ്ജർ എത്തുമെന്നാണ് കരുതുന്നത്. 28.5 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ ആഴവുമുള്ളതാണ് ഡ്രെഡ്ജർ. ഡ്രാഫ്റ്റിന് മൂന്ന് മീറ്ററാണ് നീളം. അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയാണ് മണ്ണിടിച്ചിലിൽ കാണാതായവരിൽ ഇനി കണ്ടെത്താനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.