ഝാർഖണ്ഡ്: തന്റെ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച 42 കാരനായ ബീഡി തൊഴിലാളി അറസ്റ്റിൽ. ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിലാണ് സംഭവം. ലഗുരി എന്ന സ്ത്രീയുടെ അക്കൗണ്ടിലാണ് സാമന്ത് എന്ന ബീഡി തൊഴിലാളിയുടെ ആധാർ നമ്പർ ലിങ്കായത്.
നേരത്തെ, എസ്.ബി.ഐയും ഗ്രാമീൺ ബാങ്കും തമ്മിൽ ബന്ധിപ്പിക്കുകയും അതിന്റെ ഭാഗമായി അക്കൗണ്ടുകൾ മാറ്റുകയും ചെയ്തിരുന്നു. ഈ സമയത്ത് ഉപഭോക്താക്കളെ സഹായിക്കാനായി ബാങ്കിൽ ഒരു ജീവനക്കാരനുമുണ്ടായിരുന്നു. ഈ ജീവനക്കാരനാണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തതെന്ന് ബാങ്ക് പറഞ്ഞു.
എന്നാൽ തെന്റ ആധാറുമായല്ല അക്കൗണ്ട് ലിങ്ക് ആയതെന്ന വിവരം സ്ത്രീ ബാങ്കിനെ അറിയിച്ചിരുന്നില്ല. അക്കൗണ്ടിൽ 1,12,000 ഓളം രൂപയുണ്ടായിരുന്നു.
കോവിഡ് കാലത്താണ് സാമന്ത് ഈപണത്തെ കുറിച്ച് അറിയുന്നത്. ആ സമയം, മോദി സർക്കാർ ആളുകൾക്ക് പണം നൽകുന്നുവെന്ന് ഗ്രാമത്തിൽ പ്രചാരണം നടന്നിരുന്നു. എല്ലാവരും ആധാറുമായി ലിങ്ക്ചെയ്ത അക്കൗണ്ട് പരിശോധനയും നടത്തി. അങ്ങനെ നടത്തിയപ്പോഴാണ് തന്റെ ആധാറുമായി ലിങ്കായ അക്കൗണ്ടിൽ 1ലക്ഷത്തിലേറെ തുകയുണ്ടെന്ന് കണ്ടതെന്ന് സാമന്ത് പറയുന്നു. കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ പണം പിൻവലിക്കുകയായിരുന്നു.
സാമന്തിന്റെ അക്കൗണ്ടിൽ 650 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നിട്ടും അദ്ദേഹം 5000 രൂപ വരെ ഇടക്കിടെ പിൻവലിച്ചുവെന്നും ബാങ്ക് ആരോപിച്ചു. എന്നാൽ ഇക്കാര്യം കഴിഞ്ഞ സെപ്തംബറിൽ മാത്രമാണ് തിരിച്ചറിയാനായത്.
ലാഗുരി എന്ന സ്ത്രീ സെപ്തംബറിലാണ് പരാതിയുമായി എത്തിയത്. തുടർന്ന് സാമന്തുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പണം തിരിച്ചടക്കാൻ തയാറായില്ലെന്ന് മാത്രമല്ല, അത് മോദി സർക്കാർ തന്ന പണമാണെന്ന് വിശ്വസിച്ചിരിക്കുകയുമാണ്. പണം പിൻവലിക്കുമ്പോൾ പോലും അക്കൗണ്ട് ഉടമയുടെ പേര് കാണിക്കുമെന്നും അദ്ദേഹം അത് മനഃപൂർവം അവഗണിച്ചതാണെന്നും ബാങ്ക് ആരോപിച്ചു.
ഒക്ടോബർ മുതൽ ഈ മാർച്ച് വരെ മൂന്നുതവണ പൊലീസിനു മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടർന്നാണ് മാർച്ച് 24ന് ഇദ്ദേഹത്തെ വാറന്റില്ലാതെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.