ന്യൂഡൽഹി: മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി ആൾക്കൂട്ട കൊലപാതകത്തിനിരയാക്കിയ ആട് വ്യാപാരിയായിരുന്ന അക്തർ അൻസാരിയുടെ കുടുംബത്തിന്റെ പുനരധിവാസത്തിനും മക്കളുടെ വിദ്യാഭ്യാസ ചിലവിനും വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. ഝാർഖണ്ഡിലെ കാങ്കെ ജില്ലയിലെ കാട്ടുംകുളി ഗ്രാമത്തിലെ അക്തർ അൻസാരിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് ഇ.ടിയുടെ പ്രതികരണം.
നാല് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത് ഒറ്റമുറി വീട്ടിലാണെന്ന് ഇ.ടി പറഞ്ഞു. അക്തർ അൻസാരി ആടുകളെ കച്ചവടം ചെയ്ത് ലഭിക്കുന്ന തുഛമായ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. സ്കൂൾ വിദ്യാർഥികളായ അയാൻ അൻസാരി, അർമാൻ അൻസാരി, ആഷിയ പർവീൺ, അലി അൻസാരി എന്നിങ്ങനെ നാല് മക്കൾക്ക് വിശപ്പടക്കാനും വിദ്യാഭ്യാസം കൊടുക്കാനും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത അക്തർ ക്രൂരമായി കൊല്ലപ്പെട്ടതോടെ മുന്നോട്ട് ജീവിക്കാനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച അവസ്ഥയിലാണ് കുടുംബമെന്ന് ബഷീർ പറഞ്ഞു.
ദേശീയ അസി. സെക്രട്ടറി സി.കെ. സുബൈർ, എം.എസ്.എഫ് ദേശീയ സെക്രട്ടറി ഷഹബാസ് ഹുസൈൻ, മുസ്ലിം ലീഗ് ഝാർഖണ്ഡ് സംസ്ഥാന ജനറൽ സെക്രട്ടറി ഫസൽ ഇമാം, ട്രഷറർ തബ്റേസ് അഹമ്മദ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഖയ്യൂം, വനിതാ ലീഗ് കൺവീനർ ഷഹസാദി ഖാതൂൻ, എം.എസ്.എഫ് റാഞ്ചി ജില്ലാ പ്രസിഡന്റ് ആഷിഖ് അൻസാരി, ഷമീം അൻസാരി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ആടിനെ മോഷ്ടിച്ചു എന്ന ആരോപിച്ച് 35 കാരനായ അക്തർ അൻസാരിയെ ക്രൂരമായി കൊല്ലപ്പെടുത്തിയത്. ആട് വ്യാപാരിയായിരുന്ന അൻസാരി ടാടി സിൽവെ ഗ്രാമത്തിൽ നിന്ന് വീട്ടിലേക്കു മടങ്ങും വഴി മോഷ്ടാവ് എന്നാരോപിച്ച് ആൾക്കൂട്ടം പിടികൂടി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ഭാര്യ ആമിന പർവീൺ ബഷീറിനോട് പറഞ്ഞു. രാത്രി 8 മണിയോടെ ഒരാൾ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് വിവരമറിയിക്കുമ്പോൾ ‘മാറോ മാറോ’ എന്ന അലർച്ച പശ്ചാത്തലത്തിൽ കേൾക്കുന്നുണ്ടായിരുന്നു എന്ന് ആമിന നിറകണ്ണുകളോടെ പറഞ്ഞു. ഉടനേ സഹോദരൻമാർ മുഖേന തൊട്ടടുത്ത നാംകും പോലീസ് സ്റ്റേഷനിൽ വിളിച്ച് കോൾ വന്ന നമ്പർ കൈമാറി ലൊക്കേഷൻ ട്രേസ് ചെയ്യണം എന്ന് കുടുംബം ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെ ടാടി സിൽവ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് എന്നും അക്തർ സുരക്ഷിതനാണ് എന്നും പോലീസ് കുടുംബത്തെ ധരിപ്പിച്ചു. എന്നാൽ പുലർച്ചെ അഞ്ച് മണിയോടെ അക്തർ അൻസാരി മരണപ്പെട്ടുവെന്നും മൃതശരീരം തിരിച്ചറിയാൻ അടിയന്തിരമായി എത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പോലീസ് വീണ്ടും ബന്ധപ്പെടുകയായിരുന്നുവെന്ന് ആമിന പറഞ്ഞു. കസ്റ്റഡിയിൽ സുരക്ഷിതനാണ് എന്ന് പോലീസ് തന്നെ വിവരം നൽകിയ അൻസാരി മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അറിയണമെന്നും നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.