റാഞ്ചി: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ഗോത്ര വിഭാഗത്തിൽപെട്ട ഏഴോളം ക്രിസ്ത്യാനികളെ മർദിച്ചു. പശുവിനെ കൊന്നുഎന്നാരോപിച്ചുകൊണ്ടായിരുന്നു ഝാർഖണ്ഡിൽ കയ്യേറ്റം നടന്നതെന്ന് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 16നായിരുന്നു സംഭവമെങ്കിലും സെപ്റ്റംബർ 25ന് ജില്ല പരിഷത് അംഗവും സാമൂഹിക പ്രവർത്തകനുമായ നീൽ ജസ്റ്റിൻ പ്രാദേശിക വാർത്ത ചാനലിനോട് പ്രതികരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
സംഭവത്തിൽ കേസെടുത്തെന്നും നാല് പ്രതികളെ അറസ്റ്റ് ചെയ്തെന്നും ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും സിംദേഗ ജില്ല പൊലീസ്മേധാവി ഷംസ് തബ്രീസ് പ്രതികരിച്ചു.
'അവർ ഏകദേശം 60 പേരോളം ഉണ്ടായിരുന്നു. ഞങ്ങളെ വീട്ടിൽ നിന്നും പിടിച്ചിറക്കി വടികൾകൊണ്ട് മാരകമായി അക്രമിച്ചു. ഞങ്ങൾപശുവിനെ കൊന്ന് ചന്തയിൽ വിറ്റു എന്നുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ജയ് ശ്രീറാം നിർബന്ധിപ്പിച്ച് വിളിപ്പിച്ചു. വഴങ്ങാതിരുന്നപ്പോൾ മർദിക്കുകയും തല ഭാഗികമായി മുണ്ഡനം ചെയ്യുകയും ചെയ്തു'- അക്രമണത്തിനിരയായവരിൽ പെട്ട പാസ്റ്റർ കൂടിയായ രാജ് സിങ് പ്രതികരിച്ചു.
ഝാർഖണ്ഡിൽ ബി.ജെ.പി ഭരിക്കുന്ന സമയത്ത് സമാന സംഭവങ്ങൾ തുടർക്കഥയായിരുന്നെങ്കിലും 2019 ഡിസംബറിൽ ഹേമന്ദ് സോറൻ അധികാരത്തിെലത്തിയ ശേഷം ഇത് ആദ്യത്തെ സംഭവമാണ്.
രാജ്യത്ത് ലോക്ഡൗൺ കാലയളവിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ജൂലൈ പകുതിയോടെ ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 135ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പേഴ്സിക്യൂഷൻ റിലീഫ് എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം ലോക്ഡൗണിനിടയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം 40.87 ശതമാനം ഉയർന്നിരുന്നു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നതെന്ന് രണ്ടുറിപ്പോർട്ടുകളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.