ജമ്മു: ജമ്മു-കശ്മീരിൽ 2019ൽ 160 തീവ്രവാദികൾ കൊല്ലപ്പെടുകയും 102 പേർ അറസ്റ്റിലാവുകയും ചെയ്തതായി ഡി.ജി.പി ദിൽബാഗ് സിങ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 250 അക്രമികൾ ഇപ്പോഴും സജീവമാണ്. അതേസമയം, തീവ്രവാദ ഗ്രൂപ്പുകളിൽ ചേർന്ന യുവാക്കളുടെ എണ്ണത്തിൽ 2018നെ അപേക്ഷിച്ച് കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ ആക്രമണ സംഭവങ്ങൾ 30 ശതമാനം കുറഞ്ഞു. അക്രമത്തിൽ മരിച്ചവരുടെ എണ്ണത്തിലും 36 ശതമാനം കുറവുണ്ടായി. 2018ൽ 218 യുവാക്കൾ തീവ്രവാദ സംഘങ്ങളിൽ ചേർന്നെങ്കിൽ 2019ൽ 139 പേരാണ് ചേർന്നത്. ഇതിൽതന്നെ 89 പേരാണ് ഇപ്പോൾ രംഗത്തുള്ളത്. മറ്റുള്ളവർ സാധാരണജീവിതത്തിലേക്ക് മടങ്ങി. 2018ൽ സംസ്ഥാനത്ത് 625 ക്രമസമാധാന പ്രശ്നങ്ങളുണ്ടായെങ്കിൽ കഴിഞ്ഞവർഷം 481 ആയി കുറഞ്ഞതായും ഡി.ജി.പി കൂട്ടിച്ചേർത്തു.
തീവ്രവാദവിരുദ്ധ നടപടികൾ 80 ശതമാനവും വിജയമായിരുന്നു. വിദേശികളടക്കം 160 തീവ്രവാദികൾ ഇതിൽ കൊല്ലപ്പെട്ടു. 11 െപാലീസുകാരും 72 മറ്റു സുരക്ഷ ജീവനക്കാരും വിവിധ സംഭവങ്ങളിൽ രക്തസാക്ഷികളായി. 102 തീവ്രവാദികൾ അറസ്റ്റിലായി. 10 പേർ കീഴടങ്ങി.
അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമവും വെടിനിർത്തൽ ലംഘനവും വർധിച്ചു. എന്നാൽ, മിക്ക ശ്രമങ്ങളും സുരക്ഷസേന പരാജയപ്പെടുത്തി. 2018ൽ 130പേർ നുഴഞ്ഞുകയറിയപ്പോൾ കഴിഞ്ഞവർഷം 143 പേരാണ് കയറിയത്. വിച്ഛേദിക്കപ്പെട്ട ഇൻറർനെറ്റ് സംവിധാന പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് അത് പരിഗണനയിലാണെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. ക്രമസമാധാന പുരോഗതിക്കനുസരിച്ച് നല്ല പ്രഖ്യാപനമുണ്ടാകും. ചിലർ ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.