കനയ്യകുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ല

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്ന കനയ്യകുമാര്‍ കാമ്പസില്‍  ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന എ.ബി.വി.പിയുടെ പരാതിയില്‍ തെളിവില്ലാത്തതിനത്തെുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പ്രചാരണത്തിനിടയിലാണ് എ.ബി.വി.പിക്ക് തിരിച്ചടിയായി പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. 

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ജെ.എന്‍.യുവില്‍ നടന്ന പരിപാടിയില്‍ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ തുടങ്ങിയവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും അഫ്സല്‍ ഗുരുവിനെ അനുകൂലിച്ച് പോസ്റ്ററൊട്ടിച്ചെന്നുമായിരുന്നു പരാതി. തെളിവായി വിഡിയോ ദൃശ്യങ്ങളും നല്‍കിയിരുന്നു. ഇവ ശാസ്ത്രീയ പരിശോധന നടത്തിയ അന്വേഷണസംഘത്തിന് ശബ്ദം ആരോപണവിധേയരായവരുടേതാണെന്ന് തെളിയിക്കാനായിട്ടില്ല.

40 വോയിസ് ക്ളിപ്പുകളാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. ദേശവിരുദ്ധ പ്രവര്‍ത്തന കുറ്റംചുമത്തി അറസ്റ്റിലായ കനയ്യ, ഉമര്‍, അനിര്‍ബന്‍ തുടങ്ങിയവര്‍ ഹൈകോടതി ജാമ്യത്തിലാണുള്ളത്. തല്‍ക്കാലം കനയ്യക്കെതിരെയുള്ള അന്വേഷണമാണ് അവസാനിപ്പിക്കുന്നത്. ഉമര്‍, അനിര്‍ബന്‍, ഒമ്പത് കശ്മീര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരും. രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്ന കേസ് ഡല്‍ഹി പൊലീസിലെ ഉന്നതസംഘമാണ് അന്വേഷിച്ചിരുന്നത്. 

വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുവേണ്ടി കാമ്പസില്‍ അതിക്രമിച്ചുകയറിയ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം നടക്കുകയും രാജ്യവ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനുശേഷം അതേ ആരോപണങ്ങളുമായാണ് ഡല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പി ആക്രമണം നടത്തിയത്. ‘‘രാജ്യവിരുദ്ധ മുദ്രാവാക്യം ഞാനോ, ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളോ വിളിച്ചിട്ടില്ല. ഞാന്‍ സ്വതന്ത്രമായതുപോലെ കാമ്പസും ആരോപണത്തില്‍നിന്ന് സ്വതന്ത്രമാവുമെന്ന്’’ കനയ്യകുമാര്‍ പറഞ്ഞു.

Tags:    
News Summary - jnu issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.