ന്യൂഡൽഹി: ഹിന്ദി അടിച്ചേൽപിക്കാൻ നടത്തുന്ന ആസൂത്രിത ശ്രമങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട സി.പി.എം എം.പി ജോൺ ബ്രിട്ടാസിന് പിന്തുണയുമായി ദക്ഷിണേന്ത്യൻ എം.പിമാർ. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ബ്രിട്ടാസ് ആവശ്യം ഉന്നയിച്ചതിന് പിന്നാലെ ഡി.എം.കെ എം.പി തിരുച്ചി ശിവയുടെ നേതൃത്വത്തിൽ ഡി.എം.കെ എം.പിമാർ ‘ഹിന്ദി അടിച്ചേൽപിക്കരുത്’ മുദ്രാവാക്യവും മുഴക്കി. രാജ്യസഭ ശൈത്യകാല സമ്മേളനം പിരിയാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ശൂന്യവേളയിലാണ് ഹിന്ദി അടിച്ചേൽപിക്കലിനെതിരെ ബ്രിട്ടാസ് രംഗത്തുവന്നത്. ഹിന്ദിയെ ഏക ദേശീയ ഭാഷയായി ഉയർത്തുന്നതിനുള്ള പ്രത്യക്ഷവും ഗൂഢവുമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രപതിക്ക് ഔദ്യോഗിക ഭാഷ സമിതി അടുത്തിടെ ഹിന്ദി ഭാഷ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച 11ാം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർവകലാശാലകൾ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, ഐ.ഐ.ടികൾ, ഐ.ഐ.എം ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി പഠനമാധ്യമമായി ഉപയോഗിക്കാനാണ് കമ്മിറ്റി ശിപാർശ.
ഉത്തരേന്ത്യയിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് ദക്ഷിണേന്ത്യയിൽ പഠനത്തിന് എത്തുന്നത്. ചെന്നൈ, ബംഗളൂരു, കേരളം ഉൾപ്പെടെ സ്ഥലങ്ങളിലെ ഉത്തരേന്ത്യൻ വിദ്യാർഥികളോട് തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പഠിക്കാൻ ആവശ്യപ്പെട്ടാൽ അവരിൽ ഭൂരിഭാഗം പരാജയപ്പെടുമെന്ന് ബ്രിട്ടാസ് ഓർമിപ്പിച്ചു. ഹിന്ദിയിൽ പരീക്ഷയെഴുതാൻ സുന്ദർ പിച്ചൈ നിർബന്ധിതനായിരുന്നെങ്കിൽ ഗൂഗിളിന്റെ തലപ്പത്തേക്ക് എത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നോ എന്ന ചോദ്യവും എം.പി ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.