ഡറാഡൂൺ: ഉത്തരാഖണ്ഡിലെ താഴ്ന്നുകൊണ്ടിരിക്കുന്ന ജോഷിമഠ് പട്ടണത്തിൽ അടിയന്തര സാഹചര്യം നേരിടാൻ നടപടിയെടുത്ത് പ്രധാനമന്ത്രിയുടെ ഓഫിസ്. മേഖലയിലെ അടിയന്തര, ഇടക്കാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ ഉത്തരാഖണ്ഡ് സർക്കാറിന് പിന്തുണ നൽകാനും പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) ഞായറാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. ജോഷിമഠ് സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗത്തിനുശേഷമാണ് ഉന്നതവൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്.
ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ വിഭാഗങ്ങൾ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും പി.എം.ഒ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര വിളിച്ചുചേർത്ത യോഗത്തിൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി അടക്കമുള്ളവർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി സംസാരിച്ചെന്നും അധികൃതർ പറഞ്ഞു.
അതേസമയം, ചുറ്റുപാടും നടക്കുന്ന വൻകിട നിർമാണപ്രവർത്തനങ്ങൾ ജോഷിമഠിലെ കെട്ടിടങ്ങളെ അപകടാവസ്ഥയിലാക്കുമെന്ന മുന്നറിയിപ്പ് വകവെക്കാത്ത സർക്കാറിനെതിരെ ജനങ്ങൾ രോഷാകുലരാണ്. ഇതിനിടെ, ജോഷിമഠിനെ മണ്ണിടിച്ചിൽ-ഭൂമിതാഴൽ മേഖലയായി പ്രഖ്യാപിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.
വീടുകൾ വിണ്ടുകീറിയും മണ്ണിടിഞ്ഞും അപകടാവസ്ഥയിലായ പ്രദേശത്തുനിന്ന് 60 കുടുംബങ്ങളെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ചമോലി ജില്ല മജിസ്ട്രേറ്റ് ഹിമാൻശു ഖുറാന അറിയിച്ചു. 90 പേരെക്കൂടി ഉടൻ ഒഴിപ്പിക്കേണ്ടതുണ്ട്. വിള്ളൽ വീണ വീടുകൾ സന്ദർശിച്ച ജില്ല അധികൃതർ ഇവരോട് അടിയന്തരമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വീടൊഴിഞ്ഞ് വാടകക്ക് താമസിക്കേണ്ടിവരുന്നവർക്ക് ആറുമാസത്തേക്ക് പ്രതിമാസം 4000 രൂപ വീതം നൽകുമെന്നും ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. 4500ഓളം കെട്ടിടങ്ങളുള്ള ജോഷിമഠിൽ 610 എണ്ണം വിള്ളലുണ്ടായി വാസയോഗ്യമല്ലാതായി മാറിയെന്നും ജില്ല മജിസ്ട്രേറ്റ് പറഞ്ഞു.
കൂടുതൽ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചിരിക്കാൻ ഇടയുണ്ട്. കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടം സംഭവിച്ച മേഖലയിൽ ഒന്നര കിലോമീറ്റർ വ്യാപ്തിയിൽ ഒരു കമാനാകൃതിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വളരെ സാവധാനത്തിൽ ഭൂമി ഇരിക്കുന്ന പ്രതിഭാസം നേരത്തെ ഇവിടെയുണ്ടെങ്കിലും ഇത്ര വേഗത്തിൽ സംഭവിക്കുന്നത് ആദ്യമാണെന്ന് ഗർവാൾ കമീഷണർ പറഞ്ഞു. ടൗണിനടിയിലൂെട പോകുന്ന ജലസ്രോതസ്സ് പൊട്ടിയതാണ് പുതിയ പ്രതിഭാസത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
ഉപഗ്രഹ ചിത്രീകരണം വഴി ജോഷിമഠിൽ പഠനം നടത്തി റിപ്പോർട്ട് നൽകാൻ ൈഹദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്റർ, ഡറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് എന്നിവയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനുപുറമെ റൂർക്കി ഐ.ഐ.ടി, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, റൂർക്കി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഹൈഡ്രോളജി തുടങ്ങിയവയുടെ നേതൃത്വത്തിൽ മേഖലയിൽ വിശദ സർവേ നടത്തിയെന്നും ഇതിന്റെ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.