പ്രതീകാത്മക ചിത്രം

ഭർത്താവിൽനിന്ന് പ്രതിമാസം ആറ് ലക്ഷംരൂപ ജീവനാംശം വേണമെന്ന് യുവതി; സ്വയം സമ്പാദിക്കണമെന്ന് കോടതി

ബംഗളൂരു: ഭർത്താവിനോട് പ്രതിമാസം ആറുലക്ഷത്തിലധികം രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ രൂക്ഷമായി ശാസിച്ച് കർണാടക ഹൈകോടതി ജഡ്ജി. ഹിന്ദു വിവാഹ നിയമപ്രകാരം ഭർത്താവിൽനിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന ആവശ്യവുമായി രാധ മുനുകുന്ദ്ല എന്ന യുവതിയാണ് കോടതി‍യെ സമീപിച്ചത്. തന്‍റെ ആവശ്യം സാധൂകരിക്കാനായി പ്രതിമാസ ചെലവുകൾ വിശദമാക്കുന്ന പട്ടികയും അവർ ഹാജരാക്കിയിരുന്നു.

ഓഗസ്റ്റ് 20 ന് നടന്ന വാദത്തിനിടെ, മുനുകുന്ദ്ലയുടെ അഭിഭാഷകൻ ചെലവുകളുടെ വിശദാംശം കോടതിയിൽ സമർപ്പിച്ചു. ഷൂസ്, വസ്ത്രങ്ങൾ, വളകൾ, മറ്റ് സാധനങ്ങൾ എന്നിവയ്ക്കായി പ്രതിമാസം 15,000 രൂപയും ഭക്ഷണത്തിന് 60,000 രൂപയും വേണമെന്ന് ഹരജിയിൽ പറയുന്നു. മുട്ടുവേദനയുള്ളതിനാൽ ഫിസിയോതെറാപ്പി ചെയ്യണമെന്നും അതിനാൽ ചികിൽസാച്ചെലവായി നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. ആകെ 6,16,300 രൂപയാണ് ഭർത്താവിൽനിന്ന് ജീവനാംശമായി ആവശ്യപ്പെട്ടത്.

എന്നാൽ, കുടുംബ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീക്ക് ഇത്രയും ചെലവിന്‍റെ ആവശ്യകതയെ കോടതി ചോദ്യം ചെയ്തു. “ദയവായി ഒരു വ്യക്തിക്ക് പ്രതിമാസം ഇത്രയും തുക ആവശ്യമുണ്ടെന്ന് കോടതിയോട് പറയരുത്. പ്രതിമാസം 6,16,300 രൂപ! ആരെങ്കിലും തനിക്കായി ഇത്രയും ചെലവാക്കുമോ? അവർക്ക് വേണമെങ്കിൽ, ചെലവാക്കാനുള്ളത് സ്വയം സമ്പാദിക്കണം. നിങ്ങൾക്ക് കുട്ടികളെ പരിപാലിക്കേണ്ടതില്ല, കുടുംബത്തിന്‍റെ മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ല. ഭർത്താവിനുള്ള ശിക്ഷ വിധിക്കലല്ല ജീവനാംശം നൽകൽ. നിങ്ങളുടെ ആവശ്യം എപ്പോഴും ന്യായയുക്തമായിരിക്കണം” -ജഡ്ജി പറഞ്ഞു.

ആവശ്യങ്ങൾ തിരുത്തിയില്ലെങ്കിൽ ഹരജി തള്ളുമെന്ന് മുന്നറിയിപ്പ് നൽകിയ ജഡ്ജി, ന്യായമായ തുക ആവശ്യപ്പെടാമെന്ന് അഭിഭാഷകനോട് വ്യക്തമാക്കി. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം, ആശ്രിത പങ്കാളിക്ക് നടപടിക്രമങ്ങൾക്ക് ആവശ്യമായ ചെലവുകൾക്കും മതിയായ വരുമാനം ഇല്ലെങ്കിൽ, ജീവനാംശവും നൽകണം.

Tags:    
News Summary - Judge raps woman seeking Rs 6 lakh monthly maintenance from husband: Let her earn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.