കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിൽ നീതി തേടി ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം പിൻവലിച്ചില്ല.
മുഖ്യമന്ത്രി മമത ബാനർജിയുമായി ഒരുതവണകൂടി കൂടിക്കാഴ്ചക്ക് സമയം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച രാത്രി നടത്തിയ ചർച്ചയിൽ മിക്ക ആവശ്യങ്ങളും അംഗീകരിച്ചിരുന്നു. ഇതേതുടർന്ന് കൊൽക്കത്ത പൊലീസ് കമീഷണറെയും ഡെപ്യൂട്ടി പൊലീസ് കമീഷണറെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും ആരോഗ്യ വകുപ്പ് ഡയറക്ടറെയും സർക്കാർ മാറ്റി. സമരം അവസാനിപ്പിക്കുന്നത് ജനറൽ ബോഡി തീരുമാനിക്കുമെന്നായിരുന്നു പണിമുടക്കിയവർ പിന്നീട് അറിയിച്ചത്.
ചർച്ചയിലെ തീരുമാനപ്രകാരം സർക്കാർ സ്വീകരിച്ച നടപടികൾ ഭാഗിക വിജയം മാത്രമാണെന്ന് വിലയിരുത്തിയ ജനറൽ ബോഡി, തങ്ങളുെട അഞ്ച് ആവശ്യങ്ങളിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയെ മാറ്റണമെന്നത് പ്രധാനമായിരുന്നുവെന്നും വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് 6.30ന് തുടങ്ങിയ ജനറൽ ബോഡി അർധരാത്രിയാണ് അവസാനിച്ചത്. ചീഫ് സെക്രട്ടറി മനോജ് പന്തിന് ഇ-മെയിലിൽ നൽകിയ കത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ഒരുതവണകൂടി അവസരം നൽകണമെന്ന് ഇവർ അഭ്യർഥിച്ചു.
ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷയും സംരക്ഷണവും ചർച്ചചെയ്യണമെന്നും സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷക്ക് അനുവദിച്ച 100 കോടി രൂപ എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് അറിയണമെന്നും ഇവർ പറഞ്ഞു. 40 ദിവസം മുമ്പാണ് ജൂനിയർ ഡോക്ടർമാർ പണിമുടക്ക് തുടങ്ങിയത്. ഇവർ ഒമ്പതു ദിവസമായി ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ഥ്യ ഭവനു മുന്നിൽ ധർണ നടത്തുന്നുണ്ട്.
ന്യൂഡൽഹി: ആർ.ജി.കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയിയുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുക്കുന്നതിൽ പൊലീസ് രണ്ടു ദിവസം വൈകിയതായി സി.ബി.ഐ. സംഭവ ദിവസം പുലർച്ച നാലു മണിക്ക് പൊലീസ് വളന്റിയറായ സഞ്ജയ് റോയി സെമിനാർ ഹാളിൽ പ്രവേശിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കേസിൽ ഇയാളുടെ പങ്ക് വ്യക്തമായിട്ടും നിർണായക തെളിവാകേണ്ട വസ്ത്രങ്ങളും മറ്റും പിടിച്ചെടുക്കുന്നതിൽ പൊലീസ് അനാവശ്യമായി രണ്ടു ദിവസം വൈകിച്ചു.
കൽക്കത്ത ഹൈകോടതി ഉത്തരവിനെ തുടർന്ന് ആഗസ്റ്റ് 14ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും താല പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻചാർജ് അഭിജിത്ത് മൊണ്ഡലിനെയും അറസ്റ്റ്ചെയ്തിരുന്നു. എന്നാൽ, ഇരുവരും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് സി.ബി.ഐ ആരോപിച്ചു. തെളിവ് നശിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്. റോയി, ഘോഷ്, മൊണ്ഡൽ എന്നിവർ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.