ന്യൂഡൽഹി: ആർ.എസ്.എസിന് അനുകൂലമായി ആവർത്തിച്ച് സംസാരിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോട് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം വിശദീകരണം തേടി. കേരളത്തിൽ നിന്നുള്ള ഒരുകൂട്ടം എം.പിമാരുടെ പരാതിയെ തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറാണ് സുധാകരനെ നേരിൽ വിളിച്ച് വിശദീകരണം തേടിയത്. തനിക്ക് നാക്കുപിഴ പറ്റിയതാണെന്ന് സുധാകരൻ വിശദീകരണം നൽകിയെന്ന് താരീഖ് അൻവർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആർ.എസ്.എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന സുധാകരന്റെ വെളിപ്പെടുത്തലിന്റെ വിവാദം അവസാനിക്കും മുമ്പാണ് വർഗീയ ഫാഷിസത്തോട് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സന്ധി ചെയ്തുവെന്ന് സുധാകരൻ പറഞ്ഞത്.
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ആർ.എസ്.എസിനെതിരെ അതിശക്തമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുമ്പോൾ സുധാകരൻ നടത്തിയ പ്രസ്താവനകൾ കടുത്ത അതൃപ്തിയാണ് കോൺഗ്രസ് നേതൃത്വത്തിലുണ്ടാക്കിയത്. കേരളത്തിൽ കോൺഗ്രസിന്റെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് സുധാകരനെതിരെ ശക്തമായ നിലപാടെടുത്തതും നേതൃത്വത്തിന്റെ ഇടപെടലിന് കാരണമായി.
കെ.പി.സി.സി പ്രസിഡന്റ് സുധാകരനോട് താൻ വിഷയം സംസാരിച്ചുവെന്ന് താരീഖ് അൻവർ വ്യക്തമാക്കി. ഇതിനകം ക്ഷമാപണം നടത്തിയെന്ന് സുധാകരൻ പറഞ്ഞു. സംഭവിച്ചത് നാക്കുപിഴയാണെന്നും അതിൽ കൂടുതലൊന്നുമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. സുധാകരൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പ്രസ്താവന ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും താരീഖ് അൻവർ കൂട്ടിച്ചേർത്തു.
അഖിലേന്ത്യ നേതൃത്വത്തെ പരാതിയുമായി സമീപിച്ച എം.പിമാർക്കു പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെ. മുരളീധരൻ എം.പിയും ലീഗ് നേതാക്കളും പരസ്യമായി തള്ളിപ്പറയുകയും കേന്ദ്ര നേതൃത്വം ഇടപെടുകയും ചെയ്തതോടെ വിവാദത്തിൽ സുധാകരൻ ഏറക്കുറെ ഒറ്റപ്പെട്ട നിലയിലായി. സുധാകരന്റെ പ്രസ്താവന ഗൗരവത്തോടെ കാണുമെന്നും പാർട്ടിക്കുള്ളിലും ഘടകകക്ഷികളുമായും ചർച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സുധാകരന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാനാകില്ലെന്ന് കെ.സി. വേണുഗോപാലും തുറന്നടിച്ചു. ആർ.എസ്.എസുമായി സന്ധി ചെയ്യുന്ന ഒരു നിലപാടും കോൺഗ്രസിന് എടുക്കാൻ പറ്റില്ലെന്നും വേണുഗോപാൽ പ്രതികരിച്ചു. ദേശീയ നേതൃത്വത്തിലുള്ളവരുടെ കൂടി താൽപര്യപ്രകാരമാണ് സുധാകരനെതിരായ നീക്കമെന്നു വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം.
കെ. സുധാകരന്റെ പ്രസ്താവന ഗൗരവതരമാണ്. ഇത് കോൺഗ്രസ് ഗൗരവമായി പരിശോധിക്കും. മതനിരപേക്ഷ- നെഹ്റുവിയന്‍ ആദര്‍ശങ്ങളിൽ നിന്ന് മാറിയുള്ള ചിന്തയും വാക്കും പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കില്ല.
വി.ഡി. സതീശൻ പ്രതിപക്ഷനേതാവ്
കെ. സുധാകരന്റെ പ്രസ്താവന നിസ്സാരമായി കാണുന്നില്ല. ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലാത്ത കോൺഗ്രസുമായാണ് ലീഗ് സഖ്യത്തിലേർപ്പെട്ടിരിക്കുന്നത്. തെറ്റിദ്ധാരണജനകമായ പരാമർശം ഉണ്ടാകുന്നത് വേദനാജനകമാണ്.
പി.എം.എ. സലാം മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.