ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭയിൽ വെള്ളിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കണം. എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ബി.ജെ.പിയുടെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസ് സർക്കാറിനോട് ഉടൻ വിശ്വാസ വോട്ടുതേടാൻ ആവശ്യപ്പെടണമെന്ന് കാട്ടി ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാനാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. ഇദ്ദേഹത്തോടൊപ്പമുള്ള 22 എം.എൽ.എമാരെ ബംഗളൂരുവിലേക്ക് മാറ്റിയതോടെ കമൽനാഥ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. കോവിഡ് പടരുന്നത് ചൂണ്ടിക്കാട്ടി നിയമസഭ മാർച്ച് 26വരെ സ്പീക്കർ എൻ.പി പ്രജാപതി നിർത്തിവെച്ചതിനെ തുടർന്നാണ് ശിവരാജ് സിങ് ചൗഹാനും ഒമ്പത് ബി.ജെ.പി എം.എൽ.എമാരും പ്രതിപക്ഷ നേതാവും സുപ്രീംകോടതിയെ സമീപിച്ചത്. ഉടൻ വിശ്വാസവോട്ട് തേടണമെന്ന ഗവർണർ ലാൽജി ടണ്ഡെൻറ നിർദേശം സ്പീക്കർ നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.