ഭോപാൽ: കേൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് വേണ്ടത് എന്തായിരുന്നുവെന്ന് കാലം തെളിയിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. സിന്ധ്യയുടെ അസംതൃപ്തിയുടെ കാരണം അറിയില്ലെന്നും ഡൽഹിയിലുള്ള പാർട്ടി നേതൃത്വത്തിനാണ് അതേ കുറിച്ച് പറയാനാകുകയെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കഴിയുന്ന വിമത എം.എൽ.എമാരുമായി സംസാരിക്കുന്നുണ്ടെന്നും കമൽനാഥ് പറഞ്ഞു. സർക്കാറിന് ഭൂരിപക്ഷമുണ്ടെന്നും വിമത എം.എൽ.എമാർ കോൺഗ്രസ് വിടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്ന 22 എം.എൽ.എമാർ ബംഗളുരുവിലേക്ക് പോകുകയും രാജി നൽകുകയും ചെയ്തത് മധ്യപ്രദേശിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ട് ദിവസങ്ങളായി. സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ മാർച്ച് 26 വരെ സഭ ചേരുന്നത് നീട്ടിവെച്ചാണ് ഈ ആവശ്യത്തെ കോൺഗ്രസ് മറികടന്നത്. എന്നാൽ, സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന വാദം മുഖ്യമന്ത്രി കമൽനാഥ് എപ്പോഴും ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.