കങ്കണ ഹൈകോടതിയെ സമീപിച്ചു; ഓഫീസിലെ അനധികൃത നിർമിതികൾ പൊളിക്കുന്നത് നിർത്തി

മുംബൈ: ബോളിവുഡ് താരം കങ്കണ റണവാത്തിന്‍റെ ഓഫീസിലെ അനധികൃത നിർമിതികൾ പൊളിച്ചു നീക്കുന്ന നടപടി താൽകാലികമായി നിർത്തി. കങ്കണ ബോംബെ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് മുംബൈ നഗരസഭ നടപടികൾ നിർത്തിവെച്ചത്. കോടതി ഹരജി പരിഗണിച്ച ശേഷം തുടർ നടപടി തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു. കോടതി ഹരജി അൽപ സമയത്തിനകം പരിഗണിക്കും.

രാവിലെയാണ് കങ്കണയുടെ ഓഫീസിലെ നിർമിതികൾ പൊളിച്ചു നീക്കാൻ മുംബൈ നഗരസഭ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം അടക്കം പൂർണ സാമഗ്രികൾ സ്ഥലത്തെത്തിച്ചാണ് അധികൃതർ പൊളിക്കൽ തുടങ്ങിയത്. കെട്ടിടത്തിനുള്ളിലെ ഭാഗങ്ങൾ തൊഴിലാളികൾ പൊളിച്ചു നീക്കുന്നതിന്‍റെ ഫോട്ടോ താരം തന്നെ ട്വീറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം പൊളിക്കുന്ന മുംബൈ നഗരസഭയുടെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കങ്കണ ഹൈകോടതിയിൽ ഹരജി നൽകിയത്.

ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റിയെന്നും പുതിയ ടോയിലറ്റ് സ്‌റ്റെയര്‍കേസിന് സമീപം നിർമിച്ചതിന് അനുമതി വാങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കങ്കണയുടെ സബര്‍ബന്‍ ബാന്ദ്രയിലെ പാലി ഹില്‍ ബംഗ്ലാവിൽ നഗരസഭ അധികൃതര്‍ നോട്ടീസ് പതിച്ചത്.

ബാന്ദ്രയിലെ അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്താനുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് കങ്കണയുടെ ബംഗ്ലാവിലും പരിശോധന നടത്തിയതെന്നാണ് കോര്‍പറേഷന്‍ വാദം. എന്നാൽ, മണികർണിക ഫിലിംസ്​ ഓഫീസിൽ റെയ്​ഡ്​ നടത്തിയത് ഉൾപ്പെടെയുള്ള നടപടികൾ ശിവസേന സർക്കാറി​ന്‍റെ പ്രതികാരമാണെന്നാണ്​ കങ്കണയുടെ ആരോപണം.

മുംബൈയെ പാക്​ അധീന കശ്മീരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള നടിയുടെ പ്രസ്താവനക്കെതിരെ​ ശിവസേന നേതാക്കൾ രംഗത്തെത്തിയതോടെയാണ്​ വിഷയം രാഷ്​ട്രീയതലത്തിലേക്ക്​ മാറിയത്​. നടി മുംബൈയിലെത്തിയാൽ ആക്രമിക്കുമെന്ന്​ ശിവസേന നേതാക്കൾ പറയുകയും സെപ്​തംബർ 10 മുബൈയിലെത്തുമെന്ന്​ താരം വെല്ലുവിളി നടത്തുകയും ചെയ്​തിരുന്നു.

കങ്കണയുടെ ജീവന് ഭീഷണിയുണ്ടെന്ന കുടുംബത്തിന്‍റെ പരാതിക്ക് പിന്നാലെ, കേന്ദ്ര സര്‍ക്കാര്‍ നടിക്ക്​ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.