ലഖ്നോ: ഉത്തർപ്രദേശിലെ കാൺപുരിലുണ്ടായ സംഘർഷത്തിൽ 800ലധികം പേർക്കെതിരെ കേസ്. ഇതുവരെ മുഖ്യ സൂത്രധാരനെന്ന് കരുതുന്നയാൾ ഉൾപ്പെടെ 24 പേർ അറസ്റ്റിലായി. സംഘർഷമുണ്ടാക്കിയവർക്കെതിരെ ദേശീയ സുരക്ഷ നിയമം, ഗുണ്ടാ നിയമം എന്നിവ പ്രകാരം കേസെടുത്ത് അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയോ തകർക്കുകയോ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അക്രമത്തിനുപിന്നിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളുടെ ബന്ധം അന്വേഷിക്കുമെന്ന് കാൺപുർ പൊലീസ് കമീഷണർ വി.എസ്. മീണ പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് വിവാദവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ ബി.ജെ.പി വക്താവ് നുപുർ ശർമ, പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തെത്തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. അക്രമത്തെത്തുടർന്ന് പൊലീസ് സുരക്ഷ കർശനമാക്കി.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇതുവരെ 800ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും 20 പൊലീസുകാർക്കുൾപ്പെടെ 40 പേർക്കാണ് പരിക്കേറ്റതെന്നും എ.സി.പി ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു. 24 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 12പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാരകായുധങ്ങളുമായി കലാപമുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.
മൗലാന മുഹമ്മദ് അലി (എം.എം.എ) ജൗഹർ ഫാൻസ് അസോസിയേഷൻ തലവൻ ഹയാത്ത് സഫർ ഹഷ്മി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അക്രമത്തിൽ പങ്കുള്ള ഹഷ്മി ഉൾപ്പെടെ 36 പേരെ ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞു. ഇവരുടെ പേരുകൾ എഫ്.ഐ.ആറിലുണ്ട്. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് പ്രതിഷേധ പ്രകടനം നടന്നത്. ഇതിനിടെ, നിർബന്ധിച്ച് കടകളടപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് പരേദ്, നയ് സഡക്ക്, യതീംഖാന തുടങ്ങിയ ഭാഗങ്ങളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.
പ്രദേശത്ത് പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും വെടിയുതിർക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക വിവരം. ഹയാത്ത് സഫർ ഹഷ്മിയും പ്രവർത്തകരുമാണ് കടകളടപ്പിച്ച് സംഘർഷമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഹഷ്മിയാണ് മുഖ്യ സൂത്രധാരനെന്നും പൊലീസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.