ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. 224 നിയമസഭ സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ ഏഴു മുതലാണ് വോട്ടിങ് ആരംഭിച്ചത്. വൈകീട്ട് ആറുവരെ വോട്ട് ചെയ്യാം. ശനിയാഴ്ച രാവിലെ എട്ടുമുതൽ വോട്ടെണ്ണിത്തുടങ്ങും. 2613 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
5.3 കോടി വോട്ടർമാരുള്ള കർണാടകയിൽ 37,777 പ്രദേശങ്ങളിലായി 58,541 ബൂത്തുകളാണ് സജ്ജീകരിച്ചത്. കേന്ദ്രസേനയടക്കം 1.72 ലക്ഷം സുരക്ഷാജീവനക്കാരെ സംസ്ഥാനത്ത് നിയോഗിച്ചു. ചാമരാജ് നഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നട എന്നിവിടങ്ങളിലായി കേരള അതിർത്തിയിൽ 20 പൊലീസ്, എട്ട് എക്സൈസ്, 14 വാണിജ്യ ചെക്ക് പോസ്റ്റുകൾ എന്നിവയടക്കം 185 അതിർത്തി ചെക്ക്പോസ്റ്റുകളിൽ ജാഗ്രത നിർദേശം നൽകി. പണവും മദ്യവും സൗജന്യ വസ്തുക്കളുമടക്കം കർണാടകയിൽ 375 കോടിയുടെ വസ്തുക്കളാണ് തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തത്.
80 വയസ്സിനു മുകളിലുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന ‘വീട്ടിൽ വോട്ട്’ സംവിധാനം രാജ്യത്താദ്യമായി തെരഞ്ഞെടുപ്പ് കമീഷൻ ഇത്തവണ കർണാടകയിൽ അവതരിപ്പിച്ചിരുന്നു. രജിസ്റ്റർ ചെയ്ത 94.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
പരസ്യ പ്രചാരണം അവസാനിച്ചശേഷം നിശ്ശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ച മിക്ക രാഷ്ട്രീയ നേതാക്കളും ക്ഷേത്രദർശനങ്ങളിലായിരുന്നു. ഹനുമാൻ കീർത്തനങ്ങളുമായി ബി.ജെ.പി നേതാക്കൾ ക്ഷേത്രങ്ങളിലെത്തി. ബംഗളൂരു മൈസൂർ ബാങ്ക് സർക്കിളിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രത്യേക പൂജ നടത്തി. ശേഷം സിദ്ധരാമയ്യക്കൊപ്പം മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജയും പ്രാർഥനയും നിർവഹിച്ചു. ഭരണത്തുടർച്ച നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തിലൂടെ കർണാടകയിലെ ജനങ്ങളോട് അഭ്യർഥിച്ചു. 38 വർഷത്തിനിടെ ഭരണപക്ഷ പാർട്ടി തുടർ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഒറ്റക്ക് ഭരണത്തിലേറിയിട്ടില്ലെന്നതാണ് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.