മല്ലികാർജുൻ ഖാർഗെയെ വധിക്കാൻ ബി.ജെ.പി നീക്കമെന്ന് കോണ്‍ഗ്രസ്; ബിജെപി സ്ഥാനാർഥിയു​ടെ ശബ്ദരേഖ പുറത്തുവിട്ടു

ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും കുടുംബാംഗങ്ങൾക്കുമെതിരെ ബി.ജെ.പി സ്ഥാനാർഥി വധഭീഷണി മുഴക്കിയതായി പരാതി. കലബുറഗി ചിറ്റാപൂരിലെ ബി.ജെ.പി സ്ഥാനാർഥി മണികാന്ത് റാത്തോഡിനെതിരെയാണ് പരാതി. റാത്തോഡും രവി എന്നയാളും തമ്മിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദസന്ദേശം എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല പുറത്തുവിട്ടു.

ഖാർഗെ കുടുംബത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ റാത്തോഡ്, കൊലപാതകത്തിന് പദ്ധതിയിട്ടതായും നിരവധി ക്രിമിനൽകേസിലെ പ്രതിയായിട്ടും ബി.ജെ.പി അയാളെ പിന്തുണക്കുകയാണെന്നും സുർജെവാല ചൂണ്ടിക്കാട്ടി. ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

വിഷയം ഗൗരവമായെടുത്തിട്ടുണ്ട്. ശബ്ദസന്ദേശം വ്യാജമാണോ എന്ന് പരിശോധിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബൊമ്മൈ പറഞ്ഞു. ചിറ്റാപൂരിൽ മല്ലികാർജുന ഖാർഗെയുടെ മകനും സിറ്റിങ് എം.എൽഎയുമായ പ്രിയങ്ക് ഖാർഗെക്കെതിരെയാണ് മണികാന്ത് റാത്തോഡ് മത്സരിക്കുന്നത്. തോൽവി ഭയന്ന ബി.ജെ.പിയുടെ മുഖമാണ് വധഭീഷണിയിലൂടെ വെളിപ്പെടുന്നതെന്നും ബി.ജെ.പി മറുപടി നൽകണമെന്നും കോൺഗ്രസ് വക്താവ് പവൻഖേര ആവശ്യപ്പെട്ടു.

മേയ് 10 നാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ്. മേയ് 13 ന് ഫലം പ്രഖ്യാപിക്കും. ആകെ 224 സീറ്റുകളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകൾ വേണം. 

Tags:    
News Summary - Karnataka Elections 2023: Congress accuses BJP of plotting to kill Mallikarjun Kharge & family; audio clip surfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.