ബംഗളൂരു: 22 വർഷമായി താനുമായി ലിവ്-ഇൻ ബന്ധത്തിൽ തുടർന്നുവന്ന സുഹൃത്തിനെതിരെ സ്ത്രീ നൽകിയ ബലാത്സംഗ പരാതി നിലനിൽക്കില്ലെന്ന് കർണാടക ഹൈകോടതി. വർഷങ്ങളായി തുടർന്നുവന്ന ബന്ധത്തിൽ വിള്ളലുകളുണ്ടായപ്പോഴാണ് സ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ഹരജി കോടതി അനുവദിക്കുകയായിരുന്നു.
വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന സ്ത്രീയുടെ പരാതിയിലാണ് ലിവ്-ഇൻ പങ്കാളിക്കെതിരെ കേസെടുത്തിരുന്നത്. 22 വർഷത്തിന് ശേഷമാണോ നിങ്ങൾ ബലാത്സംഗം ആരോപിച്ച് പരാതിയുമായി വരുന്നതെന്ന് കോടതി ചോദിച്ചു. ആരോപണത്തിൽ ന്യായത്തിന്‍റെ എന്തെങ്കിലും വശമുണ്ടോ? ഒന്നോ രണ്ടോ വർഷമല്ല, നീണ്ട 22 വർഷമാണ് നിങ്ങൾ ഒരുമിച്ച് കഴിഞ്ഞത്. എന്നിട്ടാണ് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് ആരോപിക്കുന്നത്. ഇത് നിയമത്തെ ദുരുപയോഗം ചെയ്യലാണ് -കേസ് റദ്ദാക്കിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരി നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 22 വർഷം മുമ്പ് ഭർത്താവുമായി പിരിഞ്ഞ് ബംഗളൂരുവിലേക്ക് മാറിയ സമയത്താണ് ഇവർ പ്രതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് ലിവ്-ഇൻ ബന്ധം നയിക്കുകയായിരുന്നു.
സ്ത്രീയുടെ കയ്യിൽ നിന്ന് എട്ട് ലക്ഷം രൂപ ഇയാൾ വാങ്ങുകയും വാഹനം വാങ്ങാൻ ഉൾപ്പെടെ ചിലവഴിക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് ഇയാൾ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും മറ്റൊരു സ്ത്രീയുമായി വിവാഹത്തിന് ശ്രമം നടത്തുകയും ചെയ്തു. ഇതോടെയാണ് സ്ത്രീ പരാതി നൽകിയത്. എന്നാൽ, ശാരീരികബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നെന്നും ഇത്രയേറെ വർഷം ഒരുമിച്ച് കഴിഞ്ഞതാണെന്നും സുഹൃത്ത് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.