മാണ്ഡ്യ: ദലിതർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചതിനെ തുടർന്ന് കർണാടകയിലെ മാണ്ഡ്യയിലെ ഹനകെരെ ഗ്രാമത്തിൽ സംഘർഷാവസ്ഥ. ദലിതർക്ക് ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തിൽ പ്രവേശിക്കാൻ ജില്ലാ അധികാരികൾ വഴിയൊരുക്കിയതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ദലിതർക്ക് ക്ഷേത്ര പ്രവേശനം ആനുവദിച്ചത് സവർണ ജാതിക്കാരിൽ, പ്രധാനമായും വൊക്കലിഗ സമുദായത്തിൽ ഉള്ളവരിൽ നിന്നും എതിർപ്പ് ഉയരാൻ കാരണമായി. ആദ്യമായാണ് ഈ ക്ഷേത്രത്തിൽ ദലിതർ പ്രവേശിക്കുന്നത്. പണ്ടുമുതൽ തന്നെ കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ദലിതർക്ക് വിലക്കേർപ്പെടുത്തിയിരുന്നു
ജാർണാവസ്ഥയിലായിരുന്ന ക്ഷേത്രം മൂന്ന് വർഷം മുമ്പാണ് പുനർനിർമിച്ചത്. അടുത്തിടെയാണ് ക്ഷേത്രം സംസ്ഥാന റിലീജിയസ് എൻഡോവ്‌മെന്‍റ് വകുപ്പിന്‍റെ നിയന്ത്രണത്തിലായത്. ദലിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിൽ സവർണ ജാതിക്കാർ ആദ്യം തന്നെ അതൃപ്തി അറിയിച്ചിരുന്നു.
തങ്ങൾക്ക് ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിനായി വിഗ്രഹത്തെ സവർണർ നീക്കം ചെയ്തതായാണ് വിവരം. അവർ ക്ഷേത്രം സൂക്ഷിക്കട്ടെ, തങ്ങൾ പ്രതിഷ്ഠയെ കൊണ്ടുപോകാം എന്നാണ് സവർണ ജാതിക്കാർ പറയുന്നത്.
പ്രശ്നപരിഹാരത്തിനായി മുമ്പ് സമാധാന യോഗങ്ങൾ നടത്തിയെങ്കിലും സംഘർഷം പരിഹരിക്കാനായില്ല. പൊലീസ് സംരക്ഷണത്തിലാണ് ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചത്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ക്രമസമാധാനപാലനത്തിനായി സ്ഥലത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.