ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ വിയോഗത്തിൽ വിവിധ ദേശീയ നേതാക്കളും രാഷ്ട്രീയ പ്രമുഖരും അനുശോചിച്ചു.
രാജ്യത്തിന് നഷ്ടപ്പെട്ടത് മഹാനായ പുത്രനെ-രാഹുൽ ഗാന്ധി
കലൈജ്ഞർ കരുണാനിധിയുെട വിേയാഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് മഹാനായ പുത്രനെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആറു പതിറ്റാണ്ടു കാലം തമിഴ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന കരുണാനിധിയെ തമിഴ് ജനത ഏറെ സ്നേഹിക്കുന്നു. ലക്ഷക്കണക്കിന് തമിഴ് ജനതയുടേയും അദ്ദേഹത്തിെൻറ കുടുംബത്തിെൻറയും ദുഃഖത്തിൽ പങ്കു ചേരുന്നു.
ജനാധിപത്യ ആശയങ്ങളോട് പ്രതിജ്ഞാബദ്ധൻ-പ്രധാനമന്ത്രി
ജനാധിപത്യ ആശയങ്ങളോട് പ്രതിജ്ഞാബദ്ധനായിരുന്നു കരുണാനിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥയോടുള്ള അദ്ദേഹത്തിെൻറ എതിർപ്പ് സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ജീവിതത്തിലെ കറുത്ത ദിനം-രജനികാന്ത്
കലൈജ്ഞർ വിട വാങ്ങിയ ഇൗ ദിവസം തെൻറ ജീവിതത്തിലെ കറുത്ത ദിനമാണെന്ന് നടൻ രജനികാന്ത്. തനിക്ക് ഇൗ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല. കരുണാനിധിയുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നുവെന്നും രജനികാന്ത് പറഞ്ഞു.
നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ- മുഖ്യമന്ത്രി
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഷാപരമായും സംസ്കാരപരമായുമുള്ള ഇന്ത്യയുടെ വൈവിധ്യത്തിന് എന്നും കാവല്‍ക്കാരനായി നിന്ന കരുണാനിധി ജാതി-മത വേര്‍തിരിവുകള്‍ക്കെതിരായ ഐക്യത്തിന്‍റെ വക്താവായികൂടിയാണ് നിലകൊണ്ടതെന്നും പിണറായി വിജയൻ അനുശോചിച്ചു.
രാജ്യതന്ത്രജ്ഞതയും സര്‍ഗാത്മകതയും ഒത്തുചേര്‍ന്ന വ്യക്തി- പി. സദാശിവം
രാജ്യതന്ത്രജ്ഞതയും സര്‍ഗാത്മകതയും പൂര്‍ണമായി ഒത്തുചേര്‍ന്ന വ്യക്തിയായിരുന്നു കലൈജ്ഞര്‍ ഡോ.എം കരുണാനിധിയെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. "തമിഴ് നാട് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടപ്പാക്കിയ ക്ഷേമപദ്ധതികളിലെല്ലാം തന്നെ പിന്നാക്ക,അധസ്ഥിത വിഭാഗങ്ങളുടെ ക്ഷേമവും സാമൂഹികനീതിയും ഉറപ്പാക്കാനുള്ള തീവ്രമായ ആഗ്രഹവും മതേതരത്വത്തിലും തമിഴ് പൈതൃകത്തിന്റെ അതുല്യ സമൃദ്ധിയിലുമുള്ള അടിയുറച്ച വിശ്വാസവും ദൃശ്യമായിരുന്നു. വാക്കുകള്‍ക്കതീതമാണ് ഈ നഷ്ടം.
നികത്താനാവാത്ത വിടവ്- വി.എസ്
ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധിയെന്ന് വി.എസ്. അച്ച്യുതാനന്ദൻ. തമിഴ് ജനതയെ ദ്രാവിഡ സ്വത്വബോധത്തിലേക്ക് നയിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യയുടെ ശബ്ദമാവാന്‍ അദ്ദേഹത്തിന് പല ഘട്ടങ്ങളിലും കഴിഞ്ഞിട്ടുണ്ട്. കരുണാനിധിയുടെ ദേഹവിയോഗം, അദ്ദേഹത്തിന്‍റെ പാദമുദ്ര പതിഞ്ഞ എല്ലാ മേഖലകളിലും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വി.എസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.