ലഖ്നോ: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ വാറണ്ട് കൈമാറാൻപോയ പൊലീസ് കോൺസ്റ്റബിളിനെ മർദ്ദിച്ചുകൊലെപ്പടുത്തുകയും സബ് ഇൻസ്പെക്ടറെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി യു.പി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മദ്യ മാഫിയ തലവൻ കൂടിയായ മോട്ടിയാണ് കൊല്ലപ്പെട്ടത്. മോട്ടിയുടെ സഹോദരനും കേസിലെ മറ്റൊരു പ്രതിയുമായ എൽകർ ഈ മാസം ഒമ്പതിന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
മോട്ടിയെ പിടികൂടാൻ ആറ് പൊലീസ് സംഘങ്ങൾക്ക് രൂപം നൽകിയിരുന്നു. മോട്ടി കാളി നദിക്കടുത്തുള്ള വനത്തിലൊരിടത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച പുലർച്ചെ 2.30ഓടെ വനം വളഞ്ഞ പൊലീസ് സംഘത്തിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വയംപ്രതിരോധത്തിന്‍റെ ഭാഗമായി തിരിച്ചു വെടിയുതിർക്കേണ്ടി വന്നു. വെടിവെപ്പിൽ മോട്ടിക്ക് പരിക്കേറ്റെന്നും ഒപ്പമുണ്ടായിരുന്നയാൾ ഇരുട്ടിൽ ഓടിമറഞ്ഞുവെന്നും കാസ്ഗഞ്ച് പൊലീസ് സൂപ്രണ്ട് മനോജ് സോങ്കാർ പറഞ്ഞു.
മോട്ടിയെ സിദ്ദ്പുരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് കാസ്ഗഞ്ച് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അധികം വൈകാതെ മോട്ടി മരിച്ചു. സബ് ഇൻസ്പെക്ടറിൽ നിന്ന് കവർന്ന കൈത്തോക്കും അതിന്‍റെ തിരകളും മറ്റൊരു തദ്ദേശീയ കൈത്തോക്കും മോട്ടിയിൽ നിന്ന് കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.