ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ഭാഗമാക്കുന്നതിന് ഉപാധിയായി ജമ്മു-കശ് മീരിന് പ്രത്യേക പദവി നൽകിയ ഇന്ത്യൻ ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എട ുത്തുകളഞ്ഞു. നിലവിലെ ജമ്മു-കശ്മീർ സംസ്ഥാനം ഇല്ലാതാക്കി ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന നിയമ നിർമാണവും രാജ്യസഭയിൽ പാസാക്കി. ഭ രണഘടന വരെ വലിച്ചുകീറുന്നതിലേക്കു നയിച്ച പ്രതിഷേധങ്ങൾക്കിടയിൽ കേന്ദ്ര ആഭ്യന് തര മന്ത്രി അമിത് ഷായാണ് ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന നടപടികൾ സഭയെ അറിയിച്ചത്.
ഒരാഴ്ച നീണ്ട അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ടാണ് 370ാം വകുപ്പ് എട ുത്തുകളഞ്ഞ ഉത്തരവിൽ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതായി അമിത് ഷാ രാജ്യസഭയെ അറിയിച്ചത്. പ്രത്യേക പദവി മാത്രമല്ല, ജമ്മു-കശ്മീർ സംസ്ഥാനംതന് നെ ഇല്ലാതാക്കുന്ന നിയമ നിർമാണമാണെന്ന് അറിഞ്ഞേതാടെ ഗുലാം നബി ആസാദിെൻറ നേതൃത്വത ്തിൽ പ്രതിപക്ഷമൊന്നടങ്കം പ്രതിഷേധവുമായി നടുത്തളത്തിൽ കുത്തിയിരുന്നു. പ്ലക്കാർ ഡുമായി പ്രതിപക്ഷത്തോടൊപ്പം ചേർന്ന ജമ്മു-കശ്മീരിലെ രണ്ടു പി.ഡി.പി അംഗങ്ങൾ അൽപം കഴിഞ്ഞതോടെ അത്യന്തം വൈകാരികമായി പ്രതികരിച്ചു.
മിർ മുഹമ്മദ് ഫവാസ് അമിത് ഷാക്കു നേരെ തിരിഞ്ഞുനിന്ന് ഷർട്ട് വലിച്ചുകീറിയ ശേഷമാണ് നടുത്തളത്തിലിരുന്നത്. അൽപം കഴിഞ്ഞ് രണ്ടാമത്തെ എം.പി നസീർ അഹമ്മദ് ലവായ് ഫവാസിനൊപ്പം സ്പീക്കർക്കു നേരെ മുന്നിൽ വന്ന് വിവാദ ബില്ലുകളുടെ പകർപ്പുകൾ ഭരണബെഞ്ചിനു നേരെ കീറിയെറിഞ്ഞു. അതിനുശേഷമാണ് നസീർ അഹമ്മദ് ലവായ് ഇന്ത്യൻ ഭരണഘടനയുടെ കോപ്പി ഉയർത്തിക്കാണിച്ച് വലിച്ചുകീറി എറിഞ്ഞത്. സഭാംഗങ്ങൾ ഒന്നടങ്കം സ്തബ്ധരായ നിമിഷം എഴുന്നേറ്റുനിന്ന അധ്യക്ഷൻ വെങ്കയ്യ നായിഡു ഇരുവരെയും എടുത്തുമാറ്റാൻ സുരക്ഷഭടന്മാരെ വിളിച്ചു.
ഭരണഘടന വലിച്ചുകീറിയതു സഭക്കകത്തും പുറത്തും കർശനമായി നേരിടുമെന്നു വെങ്കയ്യ നായിഡു പറഞ്ഞു. പി.ഡി.പി അംഗങ്ങളുടെ നടപടിയെ അപലപിച്ച ഗുലാം നബി ആസാദ് ഭരണഘടന അട്ടിമറിച്ച് കശ്മീരിനെതിരെ കൊണ്ടുവന്ന നിയമ നിർമാണത്തിലൂടെ ബി.ജെ.പിയും ഭരണഘടന വലിച്ചുകീറുകയാണു ചെയ്തതെന്ന് ആരോപിച്ചു.
ജമ്മു-കശ്മീരിൽ ഏതാനും നാളുകളായി കേന്ദ്ര സർക്കാർ സൃഷ്ടിച്ച ഭീതിദ അന്തരീക്ഷം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവർ നൽകിയ അടിയന്തര പ്രേമയ നോട്ടീസ് തള്ളിയ ശേഷമായിരുന്നു ജമ്മു-കശ്മീർ പുനഃസംഘടന ബിൽ അവതരിപ്പിക്കാൻ അനുമതി നൽകിയത്.
ലഡാക്ക് ഡിവിഷൻ ഏറെ ഭൂവിസ്തൃതിയും കുറഞ്ഞ ജനസംഖ്യയുമുള്ള പ്രദേശമായതുകൊണ്ടും അവിടുത്തെ ജനം ആവശ്യപ്പെട്ടതുകൊണ്ടുമാണു കേന്ദ്ര ഭരണ പ്രദേശമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരതയെ തുടർന്നുള്ള ആഭ്യന്തര സുരക്ഷ സാഹചര്യങ്ങളെ തുടർന്നാണ് ജമ്മു-കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നതെന്നായിരുന്നു ന്യായീകരണം.
ബില്ലിനെ ശക്തമായി എതിർത്ത എൻ.ഡി.എ ഘടകക്ഷിയായ ജനതാദൾ യുവും പ്രതിപക്ഷത്തുനിന്ന് തൃണമൂൽ കോൺഗ്രസും പ്രതിഷേധിച്ച ശേഷം ഇറങ്ങിപ്പോയതു ഭരണഘടന ഭേദഗതി പാസാകാൻ അവസരമൊരുക്കി.
ഇനി പ്രത്യേക പദവിയില്ല
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന ഭരണഘടനയുടെ 370ാം വകുപ്പ് ഉടനടി പ്രാബല്യത്തിൽ വരുന്ന വിധം രാഷ്ട്രപതി പ്രത്യേക ഉത്തരവിലൂടെ എടുത്തുകളഞ്ഞു. 1954ൽ നൽകിയ പ്രത്യേക പദവി അനുസരിച്ച് സംസ്ഥാനത്തിന് സ്വന്തം ഭരണഘടനയുണ്ട്. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയിലൊഴികെ തീരുമാനം എടുക്കാനുള്ള പ്രത്യേക അധികാരമുണ്ട്. കേന്ദ്രസർക്കാറിെൻറ നയവും ഭരണഘടനാപരമായ അധികാരങ്ങളും സംസ്ഥാനത്ത് നടപ്പാക്കണമെങ്കിൽ സംസ്ഥാന നിയമസഭയുടെ അനുമതി വേണം. 1947ൽ ഇന്ത്യയോട് ചേർത്തതിന് പ്രധാന ഉപാധി പ്രത്യേക പദവിയായിരുന്നു.
പൂർണ സംസ്ഥാന പദവിയും നഷ്ടം
പാർലമെൻറ് ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പൂർണ സംസ്ഥാന പദവിയുള്ള ജമ്മു-കശ്മീർ ഇല്ലാതാവും. പകരം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ പിറക്കുന്നു. ഒന്ന്, ഡൽഹിയും പുതുച്ചേരിയും പോലെ നിയമസഭയുള്ള, പൂർണ സംസ്ഥാനപദവി ഇല്ലാത്ത ജമ്മു-കശ്മീർ. രണ്ട്, കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്. രണ്ടിടത്തും ലഫ്റ്റനൻറ് ഗവർണർമാർ. ഡൽഹിയിലെന്ന പോലെ പൊലീസ്, ക്രമസമാധാനം അടക്കം സുപ്രധാന ചുമതലകളൊന്നും ജമ്മു-കശ്മീരിന് ഉണ്ടാവില്ല. ലഫ്. ഗവർണറുടെ അനുമതി കൂടാതെ സ്വതന്ത്രമായി മുന്നോട്ടു പോകാനാവില്ല. ഫലത്തിൽ കേന്ദ്രത്തിന് പൂർണ നിയന്ത്രണം.
കേന്ദ്രഭരണ പ്രദേശമായി ലഡാക്ക്
ആന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയവ പോലെ ഇന്ത്യയിൽ പുതിയൊരു കേന്ദ്രഭരണ പ്രേദശം ഉണ്ടാവുന്നു. ലഫ്. ഗവർണർക്കാണ് ഇൗ പ്രദേശത്തിെൻറ നിയന്ത്രണാധികാരം. ലേ, കാർഗിൽ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണ് ലഡാക്ക്.
അതിർത്തികൾ മാറുന്നു
ജമ്മു-കശ്മീർ വിഭജിക്കുന്നതിനൊപ്പം ലോക്സഭ, നിയമസഭ മണ്ഡലാതിർത്തി പുനർനിർണയം നടക്കും. അതിനനുസരിച്ചാണ് ഇനി തെരഞ്ഞെടുപ്പ്. ഇൗ നടപടികൾ പൂർത്തിയാവുന്നതുവരെ തെരഞ്ഞെടുപ്പു പ്രക്രിയ നീണ്ടുപോകും. ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ് ജമ്മു-കശ്മീർ.
35-എ പരിരക്ഷയും നീക്കി
370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ അതിെൻറ അനുബന്ധമായി 1954 മുതൽ ലഭിച്ചുവന്ന 35-എ വകുപ്പിെൻറ പരിരക്ഷയും ജമ്മു-കശ്മീരിന് നഷ്ടം. സംസ്ഥാനത്തിനു പുറത്തുള്ളവർ ജമ്മു-കശ്മീരിൽ ഭൂമി വാങ്ങുന്നതിന് ഇപ്പോൾ വിലക്കുണ്ട്. അത് നീങ്ങുന്നു. സർക്കാർ ഉദ്യോഗത്തിനും വിദ്യാഭ്യാസ സ്കോളർഷിപ്പിനും മറ്റും അവകാശമില്ല. ഇനി ആ നിയന്ത്രണം ഉണ്ടാവില്ല. സംസ്ഥാനത്തെ സ്ഥിര താമസക്കാർ ആരാണെന്ന് നിർണയിക്കാൻ സംസ്ഥാന സർക്കാറിനും നിയമസഭക്കും അധികാരം നൽകുന്ന വ്യവസ്ഥ ഇല്ലാതാകുന്നു. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സംവരണ വ്യവസ്ഥകൾ ബാധകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.