ഹൈദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡ്രസ് കോഡിനെ പരിഹസിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെ.സി.ആർ) രംഗത്ത്. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയാണ് മോദിയിപ്പോൾ വസ്ത്രം ധരിക്കുന്നതെന്ന് കെ.സി.ആർ പറഞ്ഞു. ചൊവ്വാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെയും അദ്ദേഹം വിമർശിച്ചു. ദാരുണവും കുഴപ്പം നിറഞ്ഞതുമായ ബജറ്റാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മൂന്ന് ദിവസത്തിനകം മോദിയുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് കെ.സി.ആർ കടുത്ത വിമർശനവുമായി എത്തിയിരിക്കുന്നത്. സന്യാസി രാമാനുജാചാര്യയുടെ പ്രതിമയുടെ ഉദ്ഘാടന ചടങ്ങിനായി ഹൈദരാബാദിലേക്ക് പോകുന്ന മോദി വരുന്ന ശനിയാഴ്ച്ച കെ.സി.ആറിനൊപ്പം ഹെലിക്കോപ്റ്റർ യാത്രയിലും പങ്കെടുക്കും.
'തെരഞ്ഞെടുപ്പ് അടുത്താൽ താടി നീട്ടി വളർത്തി രവീന്ദ്രനാഥ് ടാഗോറിനെ പോലെ പ്രത്യക്ഷപ്പെടും. ഇനി തമിഴ്നാട്ടിലാണെങ്കിൽ ലുങ്കി ധരിച്ചായിരിക്കും എത്തുക. പഞ്ചാബിലാണെങ്കിൽ തലപ്പാവും മണിപ്പൂരിൽ അവരുടെ തൊപ്പിയും മോദി ധരിക്കും. എന്താണിത്...! ഇതുപോലുള്ള കൺകെട്ട് വിദ്യകൾ കൊണ്ട് രാജ്യത്തിന് എന്താണ് ഗുണമുള്ളത്..? -കെ.സി.ആർ ചോദിച്ചു. മോദിയുടെ ഭരണമികവായി ഉയർത്തിക്കാട്ടുന്ന 'ഗുജറാത്ത് മോഡലി'നെയും അദ്ദേഹം പരിഹസിച്ചു. അതെല്ലാം പുറംമോടി മാത്രമാണെന്നും അകത്തൊന്നുമില്ലെന്നാണ് കെ.സി.ആർ പറഞ്ഞത്.
സമൂഹമാധ്യമങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട് നുണകൾ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ആളുകളെ ഇതുവരെ വിഡ്ഢികളാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം വെളിച്ചത്തായിരിക്കുകയാണ്. അവര്‍ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സി.ആർ തുറന്നടിച്ചു.
ദിവസങ്ങൾക്കകം മോദിയുമായി കൂടിക്കാഴ്ച്ചയും ഹെലിക്കോപ്റ്റർ യാത്രയും പങ്കിടാനിരിക്കെ ഇത്തരം പ്രസ്താവനകൾ അതിനെ മോശമായി ബാധിക്കുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, 'അത് ഒരു പതിവ് കാര്യമാണെന്നും പ്രോട്ടോകോളിന്റെ ഭാഗമായി മാത്രമുള്ളതാണെന്നും' കെ.സി.ആർ മറുപടി നൽകി. 'പ്രധാനമന്ത്രിക്കൊപ്പം ഹെലിക്കോപ്റ്റർ യാത്രയോ, ഒരു വേദിയോ പങ്കിടുന്നതിനെ കുറിച്ചുള്ളത് ഒരു ചോദ്യമേ അല്ല, മോദിയെ രാഷ്ട്രീയപരമായി ആക്രമിക്കുന്നത് തന്റെ നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.