ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് പുറത്തു കടക്കുന്ന കാര്യത്തിൽ രാജ്യത്ത് കേരളം ഏറ്റവും മന്ദഗതിയിലെന്ന് റിപ്പോർട്ട്. എസ്.ബി.ഐ റിസർച്ച് പ്രസിദ്ധീകരിച്ച 'കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈൻ' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കേരളത്തെ പോലെ മഹാരാഷ്ട്രയും രണ്ടാം തരംഗത്തെ മറി കടക്കുന്നത് മന്ദഗതിയിലാണ്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ ആഴ്ചയിൽ പുതുതായി സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് 11 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ അത് ഏഴ് ശതമാനം വർധിക്കുകയാണുണ്ടായത്. മഹാരാഷ്ട്രയിൽ നാല് ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. മാത്രമല്ല, പുതിയ കേസുകളിൽ 48 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലുമായി പുതുതായി ഒന്നര ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്.
അതേസമയം, രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും രാജ്യം ഏറെ ഭയപ്പെടുന്ന കൊറോണ വൈറസിന്‍റെ മൂന്നാം തരംഗം ആഗസ്റ്റ് പകുതിയോടെ ഇന്ത്യയെ ബാധിക്കുമെന്നും സെപ്റ്റംബറിൽ കേസുകൾ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം തരംഗത്തിലെ ഉയർന്ന കേസുകളുടെ ശരാശരി രണ്ടാം തരംഗത്തിലേതിനേക്കാൾ 1.7 ഇരട്ടിയാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷൻ മാത്രമാണ് ഏക രക്ഷയെന്നാണ് എസ്.ബി.ഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്.
മെയ് രണ്ടാം വാരത്തിൽ രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന്‍റെ കേസുകൾ ഉയർന്നേക്കാമെന്ന് എസ്.ബി.ഐ റിസർച്ച് കൃത്യമായി പ്രവചിച്ചിരുന്നു.
ഇന്ത്യയിൽ ജനസംഖ്യയുടെ 4.6 ശതമാനം പേർക്ക് മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂ, 20.8 ശതമാനം പേർക്ക് ആദ്യ ഡോസ് ലഭിച്ചു. യു.എസ് (47.1 ശതമാനം), യു.കെ (48.7 ശതമാനം), ഇസ്രായേൽ (59.8 ശതമാനം), സ്‌പെയിൻ (38.5 ശതമാനം), ഫ്രാൻസ് (31.2 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ വാക്സിനേഷൻ സംബന്ധിച്ച കണക്ക്.
രാജ്യത്തെ12 സംസ്ഥാനങ്ങളിൽ നിന്നായി ഡെൽറ്റ പ്ലസ് വകഭേദത്തിന്‍റെ 51 കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.