തിരുവനന്തപുരം: രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ എല്ലാ ജനാധിപത്യ കക്ഷികളുമായും യോജിക്കാൻ സി.പി.എം. ആദ്യപടിയായി പശ്ചിമ ബംഗാളിലും അസമിലും കോൺഗ്രസുമായി നേരിട്ട് തെരഞ്ഞെടുപ്പ് സഖ്യത്തിൽ ഏർപ്പെടും. ഞായറാഴ്ച ചേർന്ന സി.പി.എം പി.ബിയിൽ ഇതുസംബന്ധിച്ച ധാരണയായി. ഒക്ടോബർ 30, 31 തീയതികളിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം അടവ് തന്ത്രങ്ങൾക്കും സഖ്യസാധ്യത തേടുന്നതിനും അന്തിമ അംഗീകാരം നൽകും.
ബി.ജെ.പിയെ എവിടെയെല്ലാം പരാജയപ്പെടുത്താനാവുമോ അവിടെയെല്ലാം യോജിക്കാൻ തയാറാവുന്ന കക്ഷികളുമായി ബന്ധപ്പെടണമെന്ന പി.ബിയുടെ കരട് തെരഞ്ഞെടുപ്പ് സമീപന രേഖയാവും സി.സി പരിഗണിക്കുക. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കം ബി.ജെ.പി ശക്തമാക്കിയതായും ദേശീയ രാഷ്ട്രീയ സാഹചര്യം മാറിയെന്നുമുള്ള വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് പി.ബി നീക്കം.
ബി.ജെ.പി നീക്കം തടഞ്ഞില്ലെങ്കിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭരണ സംവിധാനം പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറിയേക്കുമെന്ന് യോഗം വിലയിരുത്തി. ബംഗാളിൽ കോൺഗ്രസ് ബന്ധത്തെ മുമ്പ് എതിർത്ത ദേശീയ നേതൃത്വത്തിലെ പ്രബല വിഭാഗവും കേരള ഘടകവുമാണ് പുതിയ നിലപാടിന് പച്ചക്കൊടി കാട്ടിയത്. അഞ്ച് കാരണങ്ങളാണ് ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്ക് രാഷ്ട്രീയ സാഹചര്യം മാറിയെന്നതിന് ഉേപാൽബലകമായി പി.ബി പരിഗണിച്ചത്.
1. ജമ്മു-കശ്മീർ സംസ്ഥാനത്തെ പ്രത്യേക പദവി റദ്ദാക്കി. സ്വാഭാവിക മുസ്ലിം ഭൂരിപക്ഷം ഇല്ലാതാക്കാൻ കശ്മീർ നിവാസികളുടെ നിർവചനം മാറ്റി. 2. മുസ്ലിം ജനവിഭാഗത്തെ വിവേചനപരമായി പരിഗണിച്ച് മുത്തലാഖ് ബില്ല്. 3. മുസ്ലിംകളെ കേന്ദ്രീകരിച്ചുള്ള പൗരത്വ ബിൽ. 4. ഭൂരിപക്ഷ വിശ്വാസം അടിസ്ഥാനമാക്കിയുള്ള ബാബരി വിധി. 5. പ്രധാനമന്ത്രി, ആർ.എസ്.എസ് നേതാവ്, യു.പി മുഖ്യമന്ത്രി, ഗവർണർ എന്നിവർ പെങ്കടുത്ത അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനം.
പാർലമെൻറ് സമ്മേളനത്തിൽ ചർച്ചയും പ്രതിപക്ഷ പ്രമേയം അനുവദിക്കാതെയും ബില്ലുകൾ ചുരുങ്ങിയ ദിവസംകൊണ്ട് പാസാക്കിയത് ബി.ജെ.പി തനി േസ്വച്ഛാധിപത്യ രീതിയിലേക്ക് നീങ്ങുന്നതിെൻറ തെളിവാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപര്യത്തിന് വിനിയോഗിക്കുന്നു. കോവിഡിെൻറ മറവിൽ പുത്തൻ സാമ്പത്തിക നയം നടപ്പാക്കുന്നു.
കൃഷിക്കാരെ നാമാവശേഷമാക്കി കാർഷിക ബിൽ പാസാക്കി. ഇൗ സാഹചര്യത്തിൽ രാജ്യം ഹിന്ദു രാഷ്ട്രത്തിലേക്ക് നീങ്ങുന്നത് തടയുകയാണ് പ്രഥമ പരിഗണനയെന്ന് പി.ബി ഒന്നടങ്കം വിലയിരുത്തി. നിലവിൽ ബിഹാറിൽ ആർ.ജെ.ഡി, കോൺഗ്രസ് എന്നീ കക്ഷികൾ ഉൾപ്പെടുന്ന മുന്നണിയിലും, തമിഴ്നാടിൽ ഡി.എം.കെ, കോൺഗ്രസ് മുന്നണിയിലും സി.പി.എം ഉൾപ്പെടെ ഇടതുപക്ഷം തെരഞ്ഞെടുപ്പ് സഖ്യത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.