ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റുസ്ഥാനം കാൽ നൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം നെഹ്റുകുടുംബത്തിന് പുറത്തേക്ക് കൈമാറുന്ന നിർണായക തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രധാന സ്ഥാനാർഥികൾ. ഇരുവർക്കും പുറമെ ഝാർഖണ്ഡിലെ മുൻമന്ത്രി കെ.എൻ. ത്രിപാഠിയും നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ്സിങ്ങും പിന്മാറ്റം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ നെഹ്റുകുടുംബത്തിന്റെയും തിരുത്തൽ പക്ഷം അടക്കം മുതിർന്ന നേതാക്കളുടെയും പിന്തുണ മല്ലികാർജുൻ ഖാർഗെക്കാണ്. അതേസമയം, കേരളത്തിലെ ഏതാനും ജനപ്രതിനിധികൾ അടക്കം പിന്തുണക്കുന്ന ശശി തരൂർ മത്സര തീരുമാനത്തിൽ ഉറച്ചുനിന്നു.
1996 സെപ്റ്റംബർ മുതൽ 1998 മാർച്ച് വരെ പ്രസിഡന്റായിരുന്ന സീതാറാം കേസരിക്ക് ശേഷം സോണിയ ഗാന്ധിയും 2017 മുതൽ രണ്ടു വർഷം രാഹുൽ ഗാന്ധിയുമാണ് കോൺഗ്രസ് അധ്യക്ഷ പദവി വഹിച്ചത്. പ്രസിഡന്റാകാനില്ലെന്ന് രാഹുൽ ഗാന്ധി തീർത്തു പറഞ്ഞതിനെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ രണ്ടു പ്രധാന സ്ഥാനാർഥികളും ദക്ഷിണേന്ത്യയിൽനിന്നാണ്.
അവസാന മണിക്കൂറുകളിലാണ് ഖാർഗെയോട് പത്രിക നൽകാൻ നിർദേശിച്ചത്. കർണാടക സ്വദേശിയും രാജ്യസഭ പ്രതിപക്ഷ നേതാവുമായ 80കാരനായ ഖാർഗെ പാർട്ടിയുടെ പ്രധാന ദലിത് മുഖമാണ്. പാർട്ടിയിൽ സമഗ്ര തിരുത്തൽ ആവശ്യപ്പെട്ട് സോണിയക്ക് കത്തെഴുതിയ ജി-23 സംഘത്തിൽ അംഗമായിരുന്നെങ്കിലും ഒറ്റയാനായി കളത്തിലിറങ്ങിയ 66കാരനായ തരൂരിന് തിരുത്തൽപക്ഷ പിന്തുണയില്ല. 14 സെറ്റ് പത്രികകൾ ഖാർഗെക്ക് വേണ്ടി നൽകിയതിൽ തിരുത്തൽപക്ഷക്കാരായ ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ, മനീഷ് തിവാരി, ഭൂപീന്ദർസിങ് ഹൂഡ എന്നിവരും നാമനിർദേശകരായി. ദിഗ്വിജയ്സിങ്ങും പിന്തുണച്ചു. ഗെഹ്ലോട്ട് അടക്കം മുതിർന്ന നേതാക്കളുടെ അകമ്പടിയോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിക്ക് ഖാർഗെ പത്രിക നൽകിയത്. നെഹ്റു കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയ തരൂർ അഞ്ചു സെറ്റ് പത്രിക നൽകി. ത്രിപാഠി ഒരു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ഈ മാസം 17നാണ് വോട്ടെടുപ്പ്. 9,100ൽപരം പി.സി.സി പ്രതിനിധികളാണ് വോട്ടർമാർ. ഫലപ്രഖ്യാപനം 19ന്.
ഞാൻ, കോൺഗ്രസിന്റെ ആശയങ്ങൾക്കു വേണ്ടി വലിയൊരു മാറ്റം ആഗ്രഹിച്ചാണ് മത്സരിക്കുന്നത്. പിന്തുണ അറിയിച്ചവർക്ക് നന്ദി. എട്ടാം ക്ലാസിൽ തുടങ്ങിയ കോൺഗ്രസ് ബന്ധമാണ്. ഇന്ദിര ഗാന്ധിയാണ് 50 വർഷം മുമ്പ് മത്സരിക്കാൻ ആദ്യമായി അവസരം തന്നത്. ഇപ്പോൾ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അവസരം വന്നിരിക്കുന്നു. കോൺഗ്രസിന്റെ ആശയങ്ങൾക്ക് വേണ്ടി പോരാടും.
മല്ലികാർജുൻ ഖാർഗെ
ഞാൻ, മാറ്റത്തിന് തൽസ്ഥിതി തുടരണമെന്നാണെങ്കിൽ ഖാർഗെക്ക് വോട്ടു ചെയ്യണം. മാറ്റവും പുരോഗതിയുമാണ് വേണ്ടതെങ്കിൽ, എന്റെ സ്ഥാനാർഥിത്വം അതിനു വേണ്ടിയാണ്. നെഹൃകുടുംബത്തിന്റെ നേതൃത്വം ചോദ്യം ചെയ്യുകയല്ല. വരുംവരായ്ക നോക്കാതെ ശരിയായതു ചെയ്യാനുള്ള നിശ്ചയദാർഡ്യം ചില നേരങ്ങളിൽ പ്രകടിപ്പിക്കേണ്ടതുണ്ട്. ഒരു സ്ഥാനാർഥിയേയും പിന്തുണക്കുന്നില്ലെന്ന് നെഹൃകുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ശശി തരൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.