ന്യൂഡൽഹി: ഭരണഘടനപരമായ ഉത്തരവാദിത്തം നിർവഹിച്ച് മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ കത്ത്. 540 ദിവസം കഴിഞ്ഞിട്ടും കലാപം അവസാനിപ്പിക്കാനാകാത്ത രാജ്യത്തിന്റെ പ്രധാനമന്ത്രിയിലും സംസ്ഥാന മുഖ്യമന്ത്രിയിലും മണിപ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടമായ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ അടിയന്തര ഇടപെടലിനായുള്ള ഖാർഗെയുടെ കത്ത്.
മുമ്പൊരിക്കലുമുണ്ടാകാത്ത അസാധാരണ ദുരന്തത്തിനാണ് കഴിഞ്ഞ 18 മാസമായി മണിപ്പൂർ സാക്ഷിയാകുന്നതെന്ന് ഖാർഗെ രാഷ്ട്രപതിയെ കത്തിൽ ഉണർത്തി. ഒരു ലക്ഷത്തോളം മനുഷ്യർ ഭവനരഹിതരായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ശിശുക്കളും കുട്ടികളും സ്ത്രീകളും ദയാശൂന്യമായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും അടഞ്ഞുകിടന്ന് ജനങ്ങൾക്ക് തൊഴിലെടുക്കാനാകാതെ മണിപ്പൂരിലെ ജനജീവിതം അങ്ങേയറ്റം ദുസ്സഹമായിരിക്കുകയാണ്. 2023 മുതൽ ദേശീയ പാത അടഞ്ഞുകിടക്കുന്നതിനാൽ അവശ്യസാധനങ്ങളും അത്യാവശ്യ മരുന്നുകളും കിട്ടാതെവന്നിരിക്കുന്നു.
2023 തൊട്ട് മണിപ്പൂരിലെ ജനങ്ങൾ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി അവിടെ സന്ദർശിച്ചിട്ടില്ല. അതേസമയം, പ്രതിപക്ഷ നേതാവ് മൂന്നു പ്രാവശ്യം മണിപ്പൂർ സന്ദർശിച്ചു. താനും മണിപ്പൂർ സന്ദർശിച്ചതാണ്. എന്നിട്ടും പ്രധാനമന്ത്രി പോകാത്തതിന്റെ കാരണം മനസ്സിലാകുന്നില്ല. സമ്പൂർണ നിയമരാഹിത്യത്തിനും നിയമവാഴ്ചയുടെ തകർച്ചക്കും മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കപ്പെടുന്നതിനും ദേശസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും ഇത് കാരണമായിരിക്കുന്നുവെന്ന് കത്തിൽ ഖാർഗെ കുറ്റപ്പെടുത്തി.
ഇംഫാൽ: മണിപ്പൂരിൽ കലാപത്തെ തുടർന്ന് മൂന്നുദിവസമായി റദ്ദാക്കിയ ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ ഉപാധികളോടെ പുനഃസ്ഥാപിച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് തുടരുമെന്ന് ആഭ്യന്തര കമീഷണർ എൻ. അശോക് കുമാർ പറഞ്ഞു. ഓഫിസുകളുടെയും ആശുപത്രികളുടെയും വീട്ടിലിരുന്ന് ജോലിചെയ്യുന്നവരുടെയും ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ബ്രോഡ്ബാൻഡ് പുനഃസ്ഥാപിച്ചത്. ഏഴ് ജില്ലകളിലായിരുന്നു നിരോധനമേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.