ഒപ്പം നിൽക്കണം; മുറിവേറ്റവരെ ഇനിയും വേദനിപ്പിക്കരുത് -ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്ത് ഖുശ്ബു

ചെന്നൈ: മലയാള സിനിമയിലെ നടിമാർ നേരിടുന്ന പീഡനങ്ങൾ തടയാൻ കേരള സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി അനിവാര്യമാണെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. സ്ത്രീകൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും ​ലൈംഗികാതിക്രമം നേരിട്ട സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്താൻ പുരുഷൻമാർ തയാറാകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. സിനിമ ഇൻഡസ്ട്രിയിലെ പൊയ്മുഖങ്ങളെ തുറന്നു കാട്ടുന്നതിന് മീടു മൂവ്മെന്റ് തുടക്കമിട്ടുവെന്നും ഖുശ്ബു എക്സിൽ കുറിച്ചു.

പോരാട്ടഭൂമിയിൽ ഉറച്ചു നിന്ന് വിജയം കൊയ്തെടുത്ത സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ. ലൈംഗികാതിക്രമങ്ങൾ തുറന്നു കാട്ടാൻ ഹേമ കമ്മിറ്റി അനിവാര്യമായിരുന്നു. കരിയറിന്റെ ഉയർച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദവും എല്ലായിടത്തും ഉള്ളതാണ്. സ്ത്രീകളെ പോലെ പുരുഷൻമാരും അത് അനുഭവിക്കുന്നുണ്ട്. എന്നാൽ പുരുഷൻമാരെക്കാൾ കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് മാത്രം. ഇവർക്കെതി​രെ പരാതി നൽകാൻ ഇരകൾ പേടി​ക്കുകയാണ്. നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തത്? എന്തിനു വേണ്ടി ചെയ്തു? എന്നീ ചോദ്യങ്ങളാണ് ഇപ്പോൾ തകർക്കപ്പെട്ടത്. അപമാനിക്കപ്പെടുമോ എന്ന ഭയവും നിരന്തരമായുള്ള കുറ്റപ്പെടുത്തലും നിങ്ങൾ എന്തിനാണ് ഇത് ചെയ്തത് അല്ലെങ്കിൽ എന്താണ് നിങ്ങളെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത് എന്നുള്ള ചോദ്യങ്ങളും സ്ത്രീയെ തകർക്കുന്നു. ഒരു സ്ത്രീയെന്നും അമ്മയെന്നുമുള്ള നിലയിൽ, ഇത്തരം അതിക്രമങ്ങളുണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവിൽപ്പോലും ആഴ്ന്നിറങ്ങുന്നതാണ്.

അതിജീവിതകൾ നിങ്ങൾക്കും എനിക്കും അപരിചിതരായിരിക്കാം. എന്നാൽ നമ്മുടെ പിന്തുണ അവർക്ക് ആവശ്യമുണ്ട്. അവരെ കേൾക്കാൻ തയാറാകണം. അവർക്ക് നമ്മളിൽ നിന്ന് വൈകാരിക പിന്തുണ ലഭിക്കണം. എന്തുകൊണ്ട് നേരത്തേ പരാതി നൽകാൻ തയാറായില്ല എന്ന് ചോദിക്കുന്നതിന് പകരം അവരുടെ അന്നത്തെ സാഹചര്യം കൂടി നമ്മൾ പരിഗണിക്കണം. എല്ലാം തുറന്നു പറയാൻ എല്ലാവർക്കും കഴിയണമെന്നില്ല. അതിജീവിതകൾക്കൊപ്പം നിൽക്കണം. അവർക്ക് നിരുപാധിക പിന്തുണ നൽകണം.-ഇതാണ് പുരുഷൻമാരോട് എനിക്ക് പറയാനുള്ളത്. -എന്നാണ് ഖുശ്ബു എക്സിൽ കുറിച്ചത്.

നിങ്ങളുടെ തുറന്നുപറച്ചിൽ ഇന്നാണോ നാളെയാണോ എന്നത് പ്രശ്നമല്ല. തുറന്നുപറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും ഖുശ്ബു പറഞ്ഞു.

Tags:    
News Summary - Khushbu welcomes Justice Hema Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.