ഇസ്ലാമാബാദ്: ചാരവൃത്തി, ഭീകര പ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനായി അഭിഭാഷകനെ നിയോഗിക്കാൻ ഇന്ത്യക്ക് ഒരു അവസരം കൂടി നൽകാൻ പാകിസ്താൻ സർക്കാറിനോട് ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിട്ടു. കേസിൽ കോടതിയെ സഹായിക്കാൻ മൂന്ന് മുതിർന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. കേസ് വിശാല ബെഞ്ചിന് വിടാനും തീരുമാനിച്ചു. കേസ് സെപ്റ്റംബർ മൂന്നിന് ഉച്ചക്ക് രണ്ടിനാണ് പരിഗണിക്കുക.
കോടതി ഉത്തരവ് വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യയെ അറിയിക്കാനും നിർേദശിച്ചിട്ടുണ്ട്. ജാദവിനായി അഭിഭാഷകനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ സർക്കാർ നൽകിയ കേസിൽ ചീഫ് ജസ്റ്റിസ് അതാർ മിനാല്ലാഹ്, ജസ്റ്റിസ് മിയാൻഗുൽ ഒൗറംഗസീബ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അന്താരാഷ്ട്ര നീതിന്യായ കോടതിവിധി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് സുപ്രീംകോടതി മുൻ പ്രസിഡൻറുമാരായ ആബിദ് ഹസൻ, ഹാമിദ് ഖാൻ, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മഖ്ദൂം അലി ഖാൻ എന്നിവരെ അമിക്കസ് ക്യൂറിമാരായി നിയമിച്ചത്.
സൈനിക കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകാൻ കുൽഭൂഷൺ ജാദവ് വിസമ്മതിച്ചതായി പാകിസ്താൻ സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ, ജാദവിനും ഇന്ത്യൻ സർക്കാറിനും ഒരു അവസരം കൂടി നൽകാനും ഇക്കാര്യം നയതന്ത്ര തലത്തിൽ ഇന്ത്യയെ അറിയിക്കാനുമായിരുന്നു കോടതി നിർദേശം. ഇക്കാര്യം ഉറപ്പാക്കാമെന്ന് പാക് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
2017ലാണ് സൈനിക കോടതി വധശിക്ഷ വിധിച്ചത്്. ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടർന്ന് റിവ്യൂ ഹരജി നൽകാൻ അവസരം ഒരുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.