കുവൈത്ത് തീപിടിത്തത്തിൽ മരണസംഖ്യ 49 ആയി

ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നു. അറബ് ന്യൂസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ പത്തരയോടെ കൊച്ചിയിലെത്തും. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. 

കേരളത്തിലെ 23 പേരുടെയും തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്. അപകടത്തിൽ മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണ്. ഏ​​ഴ് മ​​ല​​യാ​​ളി​​ക​​ൾ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കേരളത്തിൽ നിന്നുള്ള 30 പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഐ.സി.യുവിൽ കഴിയുന്ന ഏഴു പേരിൽ നാലു പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. പ്ര​​വാ​​സി മ​​ല​​യാ​​ളി വ്യ​​വ​​സാ​​യി കെ.​​ജി. എ​​ബ്ര​​ഹാ​​മി​​ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്.

തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടി.

Tags:    
News Summary - Kuwait Fire Tragedy: Death toll rises to 50

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.