ഗുവാഹത്തി: ശക്തമായ മഴയെ തുടർന്ന് ഗുവാഹത്തിയുടെ പലഭാഗങ്ങളിലും ഇന്ന് പുലർച്ചെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. പുതുതായി ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ഈ വർഷമുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 42 പേർ മരിച്ചിട്ടുണ്ട്. അതിൽ നാലു പേർ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിലാണ് മരിച്ചത്.
മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ഗീതാ നഗർ, സോനാപൂർ, കാലപാഹർ, നിജാരപാർ മേഖലകളിലെ റോഡ് ഗതാഗതം തടസപ്പെടുത്തിയതായി അസം ദുരന്ത നിവാരണ സേനാംഗം അറിയിച്ചു.
ശക്തമായ മഴയിൽ നഗരത്തിന്റെ നിരവധി ഭാഗങ്ങളിലെ റോഡുകൾ മുങ്ങിപ്പോയി. പലയിടത്തും റോഡുകൾ തകർന്നു. അനിൽ നഗർ, നബിൻ നഗർ, രാജ്ഘട്ട് ലിങ്ക് റോഡ്, രുക്മിണിഗവ്, ഹതിഗവ്, കൃഷ്ണ നഗർ മേഖലകളിലാണ് ഏറ്റവും രൂക്ഷമായി വെള്ളപ്പൊക്കമുണ്ടായത്.
ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സോനാംഗങ്ങൾ ബോട്ടുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. ഭക്ഷണമുൾപ്പെടെയുള്ള സംവിധാനങ്ങളും ദുരന്ത ബാധിതർക്ക് എത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.