മുസഫർനഗർ (യു.പി): സിംഘുവിൽ ഗുണ്ടകളെ വിട്ട് സമരക്കാരെ നേരിടാൻ ശ്രമിച്ചതിനു പിന്നാലെ കർഷക വിരുദ്ധർക്ക് ഉശിരൻ മറുപടിയായി മുസഫർനഗറിലെ കിസാൻ മഹാപഞ്ചായത്തിേലക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് കർഷകർ. ഭാരതീയ കിസാൻ യൂനിയന്‍റെ നേതൃത്വത്തിൽ നഗരത്തിലെ ഗവ. ഇന്‍റർ കോളജ് ഗ്രൗണ്ടിലാണ് മഹാപഞ്ചായത്ത് നടക്കുന്നത്. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സന്ധിയില്ലാത്ത േപാരാട്ടം പ്രഖ്യാപിച്ച് നിരവധി കർഷകരാണ് പങ്കാളികളായെത്തുന്നത്.
'നിങ്ങൾ ഗുണ്ടകളെ അയേച്ചാളൂ; എന്നാൽ, അതിനു പകരമായി ലക്ഷക്കണക്കിന് കർഷകർ ഇവിടെ അണിചേരും. മുസഫർനഗറിലെ ഈ ഖാപ് പഞ്ചായത്ത് നോക്കൂ. വൈകാതെ ഈ കർഷകരൊക്കെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ പോവുകയാണ്' -എഴുത്തുകാരനായ ശ്യാം മീര സിങ് മഹാപഞ്ചായത്തിലെ അഭൂതപൂർവമായ ജനപങ്കാളിത്തത്തിന്‍റെ വിഡിയോ ഉൾപെടെ ട്വിറ്ററിൽ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലും കർഷകർക്ക് പൂർണ പിന്തുണയുമായി കൂടുതൽ പേരെത്തുകയാണ്.
മുസഫർനഗറിലെ മഹാപഞ്ചായത്തിലേക്ക് വർധിതവീര്യവുമായാണ് കർഷകരെത്തുന്നത്്. ഉത്തർ പ്രദേശ് പൊലീസ് ഏറെ ജാഗ്രതയോടെ നിലയുറപ്പിക്കുന്നുണ്ടെങ്കിലും കർഷകർ ആവേശത്തോടെ കോളജ് ഗ്രൗണ്ടിലേക്കൊഴുകുകയാണ്. കർഷകരുടെ ബാഹുല്യം കാരണം നഗരത്തിൽ പലയിടങ്ങളിലും ഗതാഗത ക്രമീകരണം ഒരുക്കേണ്ടി വന്നു. കടുത്ത സുരക്ഷയാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.
രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി, ആം ആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ് എന്നിവർ ഉൾപെടെ വിവിധ പാർട്ടി നേതാക്കൾ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. ഈ പ്രക്ഷോഭം വിജയം കാണുന്നതുവരെ മുന്നോട്ടുപോകുമെന്ന് കർഷക നേതാവ് നരേഷ് ടിക്കായത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.