തിരുവനന്തപുരം: തിരുവനന്തപുരം-മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി റെയിൽവേ മുന്നോട്ട്. ആദ്യഘട്ടത്തിൽ വേഗത മണിക്കൂറിൽ 130 കിലോ മീറ്ററാക്കി ഉയർത്താനാണ് റെയിൽവേ പദ്ധതി. പിന്നീട് വേഗത 160 കിലോ മീറ്ററായും ഉയർത്തും. ദേശീയതലത്തിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റെയിൽവേയുടെ കേരളത്തിലേയും അറ്റകൂറ്റപ്പണി.
പുതിയ ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ളതിൽ നിന്നുകൊണ്ട് ട്രാക്കുകൾ ശക്തിപ്പെടുത്താനാണ് റെയിൽവേ നീക്കം. ഷൊർണൂർ-എറണാകുളം പാതയിലെ കുത്തനെയുള്ള ഗ്രേഡിയന്റ്കളുടെ പ്രശ്നം പരിഹരിക്കലും റെയിൽവേയുടെ ലക്ഷ്യമാണ്.
ആദ്യഘട്ടത്തിൽ ട്രെയിനിന്റെ വേഗതക്കുറവിന് കാരണമാവുന്ന ട്രാക്കിലെ പ്രധാന വളവുകൾ കണ്ടെത്തുകയും റെയിൽവേ ഭൂമി ഉപയോഗിച്ച് തന്നെ അത് നികത്തുന്നതിനുളള വഴികളാണ് റെയിൽവേ തേടുക. ഇതിന് ശേഷം താഴ്ന്ന പറക്കുന്ന ഹെലികോപ്ടർ ഉപയോഗിച്ച് വിവരശേഖരണം നടത്തും.
ഈ വിവരങ്ങൾ ഉപയോഗിച്ചാവും ലിഡാർ സർവേ പൂർത്തിയാക്കുക. റെയിൽവേ ആവശ്യത്തിനായി താഴ്ന്ന് പറക്കുന്ന ഹെലികോപ്ടർ ഉപയോഗിക്കാൻ ഡി.ജി.സി.എ അനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിലൂടെ ട്രാക്കിന്റെ ത്രിമാനചിത്രം നിർമിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.
ഇതിനൊപ്പം രണ്ട് ട്രാക്കുകളുള്ള എറണാകുളം-ഷൊർണൂർ പാതയിൽ മൂന്നും നാലും ട്രാക്ക് കൂടി നിർമിക്കുന്നതിനുളള ഡി.പി.ആറും ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.