മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി ആശുപത്രിയില്‍

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് ലാൽ കൃഷ്ണ അദ്വാനി ആശുപത്രിയിൽ. ന്യൂഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

ന്യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്‍റായ ഡോ.വിനിത് സൂരിയുടെ പരിചരണത്തിലാണ് അദ്വാനിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള കാരണം വ്യക്തമല്ല. ഈ വര്‍ഷം ആദ്യവും അദ്വാനിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാഷ്ട്രീയ ജീവിതം

1927 നവംബർ എട്ടിന് കറാച്ചിയിൽ ജനിച്ച അദ്വാനി 14-ആം വയസ്സിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായി. 1947-ലെ വിഭജനത്തെ തുടർന്ന് അദ്ദേഹവും കുടുംബവും ഇന്ത്യയിലേക്ക് കുടിയേറി. 1951-ൽ അദ്വാനി ഭാരതീയ ജനസംഘത്തിൽ ചേർന്നു. 1970-ൽ രാജ്യസഭയിൽ എത്തിയ അദ്ദേഹം രണ്ട് വർഷത്തിന് ശേഷം പാർട്ടിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായിട്ടുണ്ട്.

1977ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാർ അധികാരമേറ്റപ്പോൾ അദ്വാനി വാർത്ത പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു. 1980-ൽ ബി.ജെ.പി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മൂന്ന് തവണ ബി.ജെ.പി അധ്യക്ഷനായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിൽ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2009ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്വാനിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും പാർട്ടിക്ക് വിജയിക്കാനായില്ല. 

Tags:    
News Summary - LK Advani, veteran BJP leader, admitted to Apollo Hospital in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.