നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോർപറേഷൻ, നഗരസഭകൾ, ടൗൺ പഞ്ചായത്തുകൾ എന്നിവയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച വോട്ടെണ്ണൽ നടന്നപ്പോൾ ഡി.എം.കെ സംഖ്യത്തിന് വൻ മുന്നേറ്റം.
പുതുയതായി രൂപവത്കരിച്ച നാഗർകോവിൽ കോർപറേഷൻ, കൊല്ലങ്കോട് നഗരസഭ എന്നിവിടങ്ങളിൽ ഡി.എം.കെ സഖ്യം ഭരണത്തിലെത്തി. നാഗർകോവിൽ കോർപറേഷനിൽ ആകെയുള്ള 52 വാർഡുകളിൽ 32 എണ്ണം ഡി.എം.കെ സഖ്യത്തിനാണ്. (ഡി.എം.കെ 24, കോൺഗ്രസ് ഏഴ്, എം.ഡി.എം.കെ ഒന്ന്). മറ്റ് കക്ഷികൾ: ബി.ജെ.പി 11, എ.ഐ.എ.ഡി.എം.കെ ഏഴ്, സ്വതന്ത്രർ രണ്ട്.
കൊല്ലങ്കോട്, കുഴിത്തുറ എന്നിവിടങ്ങളിൽ ഡി.എം.കെ സഖ്യം അനായാസം ഭരണത്തിലെത്തിയപ്പോൾ പത്മനാഭപുരം നഗരസഭ ഭരണം ഡി.എം.കെ പക്ഷത്തോ ബി.ജെ.പി പക്ഷത്തോ എന്ന് തീരുമാനിക്കുന്നത് സ്വതന്ത്രരാണ്. ഇവിടെ ആകെയുള്ള 21 വാർഡുകളിൽ ഏഴ് വീതം ഡി.എം.കെയും ബി.ജെ.പിയും നേടി. ആറിടത്ത് സ്വതന്ത്രരും ഒന്നിൽ ജനതാദളും (സെക്കുലർ) ആണ് വിജയിച്ചത്.
കുളച്ചലിലെ 24 വാർഡിൽ ഡി.എം.കെ 11, കോൺഗ്രസ് രണ്ട്, ബി.ജെ.പി നാല്, എ.ഐ.എ.ഡി.എം.കെ ഒന്ന്, സ്വതന്ത്രർ ആറ് എന്ന ക്രമത്തിലാണ് വിജയം. കൊല്ലങ്കോട് 33 വാർഡുകളിൽ ഡി.എം.കെയും സി.പി.എമ്മും 10 വാർഡുകളിൽ വീതവും കോൺഗ്രസ് ആറിടത്തും ബി.ജെ.പി അഞ്ചിലും എ.ഐ.എ.ഡി.എം.കെ, എം.ഡി.എം.കെ ഓരോ വാർഡിലും വിജയിച്ചു. കുഴിത്തുറയിൽ 21 വാർഡുകളിൽ ഡി.എം.കെ, സി.പി.എം, ബി.ജെ.പി പാർട്ടികൾ അഞ്ചെണ്ണം വീതം നേടിയപ്പോൾ കോൺഗ്രസ് നാലിടത്തും പി.എം.കെയും സ്വതന്ത്രനും ഓരോ വാർഡിലും വിജയിച്ചു.
ടൗൺ പഞ്ചായത്തുകളിലും ഡി.എം.കെ സഖ്യം മുന്നേറ്റം നടത്തി. ആകെയുള്ള 51 ടൗൺ പഞ്ചായത്തുകളിലെ 828 വാർഡുകളിൽ നാലുപേർ എതിരില്ലാതെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിൽ ഡി.എം.കെ 229ലും കോൺഗ്രസ് 163ലും സി.പി.എം 42ലും സി.പി.ഐ രണ്ടിടത്തും വിജയിച്ചു. ബി.ജെ.പി 168 ലും എ.ഐ.എ.ഡി.എം.കെ 64 ലും ഡി.എം.ഡി.കെ അഞ്ചിലും സ്വതന്ത്രർ 155 വാർഡിലും വിജയിച്ചു. ടൗൺ പഞ്ചായത്തുകളുടെ ഭരണം ആര് നേടുമെന്ന് മാർച്ച് നാലിനേ അറിയാൻ കഴിയൂ. അന്നാണ് മേയർ, നഗരസഭ ചെയർമാൻ, ടൗൺ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.