ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണ കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹരികിഷന് ലോയ മരിച്ചത് ഹൃദയാഘാതത്താലല്ലെന്ന് ഇന്ത്യയിലെ പ്രഗല്ഭനായ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ആർ.കെ. ശര്‍മ വ്യക്തമാക്കി. ജഡ്ജി ലോയയുടെ മരണം തലച്ചോറിന് ക്ഷതമേറ്റോ വിഷം അകത്തുചെന്നോ ആകാമെന്നതിെൻറ അടയാളങ്ങള്‍ ചികിത്സ രേഖകളിലുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. ജഡ്ജി ലോയയുടെ ദുരൂഹമരണം അന്വേഷിക്കുന്നത് ഏതുവിധത്തിലും തടയാന്‍ കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പി സര്‍ക്കാറുകളും അമിത് ഷായും ഉന്നയിക്കുന്ന ഹൃദയാഘാത മരണമെന്ന വാദം ഖണ്ഡിക്കുന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന ഈ വിദഗ്ധാഭിപ്രായം.
ന്യൂഡല്‍ഹി ഒാള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് മെഡിസിന് ആന്‍ഡ് ടോക്സിക്കോളജി ഡിപ്പാർട്മെൻറ് മുന്‍ മേധാവിയും 22 വര്‍ഷമായി ഇന്ത്യന്‍ അസോസിയേഷന് ഓഫ് മെഡിക്കോ ലീഗല്‍ എക്സ്പേര്ട്സിെൻറ പ്രസിഡൻറുമായ ശര്‍മയുടെ വിദഗ്ധാഭിപ്രായം ജഡ്ജി ലോയയുടെ ദുരൂഹമരണം പുറത്തുകൊണ്ടുവന്ന ‘കാരവൻ’ മാഗസിന് ഞായറാഴ്ച പുറത്തുവിട്ടു. ജഡ്ജി ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ ഹിസ്റ്റോപത്തോളജി റിപ്പോര്‍ട്ടും ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചതിെൻറ റിപ്പോര്‍ട്ടും വിശദമായി പരിശോധിച്ച ശേഷമാണ് മരിച്ചത് ഹൃദയാഘാതത്താലാണെന്ന വാദം ഡോ. ശര്‍മ തള്ളിക്കളഞ്ഞത്. ഹിസ്റ്റോപത്തോളജി റിപ്പോര്‍ട്ടില്‍ അത്തരമൊരു ഹൃദയാഘാതത്തിെൻറ തെളിവേ ഇല്ലെന്ന് ശര്‍മ പറഞ്ഞു. ഹൃദയാഘാതമുണ്ടായെന്ന് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമില്ല. ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ഹൃദയാഘാതമല്ലെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അതേസമയം, ജഡ്ജി ലോയയുടെ രക്തധമനികളില്‍ കാൽസ്യം അടിഞ്ഞുകൂടിയത് ശ്രദ്ധയിൽപെട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കാൽസ്യം ധമനികളിലടിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ ഹൃദയാഘാതമുണ്ടാകില്ല. കാല്‍സ്യം ധമനികളിലേക്ക് വന്നാൽ ഒരിക്കലും അവ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയില്ല. മരിക്കുന്ന ദിവസം പുലര്‍ച്ച നാലു മണിക്ക് തനിക്ക് അസ്വസ്ഥത തോന്നുന്നതായി ജഡ്ജി ലോയ പറഞ്ഞുവെന്ന് മൊഴിയുണ്ട്. തുടര്‍ന്ന് ലോയ മരിച്ചതായി പ്രഖ്യാപിക്കുന്നത് 6.15നാണ്. അതായത് അസ്വസ്ഥതയുണ്ടായി രണ്ടു മണിക്കൂറിനു ശേഷമാണിത്. ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായി അരമണിക്കൂറിലേറെ ജീവനുണ്ടെങ്കില്‍ അതിെൻറ മാറ്റം ഹൃദയത്തില്‍ കാണിക്കും. എന്നാല്‍, ഹൃദയാഘാതമുണ്ടായതിെൻറ മാറ്റം ലോയയുടെ കാര്യത്തിലില്ല.
ഹൃദയത്തിലേക്കും തിരിച്ചുമുള്ള രക്തധമനികളുടെ ന്യൂനത മരണകാരണമാകാമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രസ്താവന അതിനാല്‍ ശരിയല്ല. ബൈപാസ് സര്‍ജറിക്ക് വിധേയനാകുന്ന ഏതൊരാള്‍ക്കുമുണ്ടാകുന്ന ലക്ഷണങ്ങളൊന്നും ലോയയില്‍ കാണാനുമില്ല. അതിലേറെ ഗൗരവമേറിയത് തലച്ചോറിനെ പൊതിഞ്ഞ ‘ഡുറ’ ആവരണം ഞെങ്ങിഞെരുങ്ങിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അപകടത്തിലൊക്കെയാണിത് സംഭവിക്കുക. അതിനാല്‍ തലച്ചോറിന് ഏതോ തരത്തിലുള്ള ആക്രമണമേറ്റിട്ടുണ്ട്. ശാരീരികമായി നടത്തിയ ആക്രമണമാകാം അത്. എന്നാല്‍, അതിെൻറ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എഴുതിവെക്കാത്തത് വിചിത്രമാണെന്ന് ഡോ. ശര്‍മ പറഞ്ഞു. വിഷം നൽകിയിരിക്കാനുള്ള സാധ്യതയുണ്ട്.
കരളും പാന്‍ക്രിയാസും വൃക്കകളും ശ്വാസകോശങ്ങളും അടക്കമുള്ള ഓരോ ആന്തരികാവയവവും ഞെങ്ങിഞെരുങ്ങിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് അതുകൊണ്ടാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസംകൊണ്ട് ആന്തരികാവയവങ്ങളുടെ പരിശോധന പൂര്ത്തിയാകുമായിരുന്നുവെങ്കിലും ലോയയുടെ കാര്യത്തില്‍ 14 ദിവസം എടുത്തത് എന്തിനാണെന്നും ഡോ. ശര്‍മ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.