മുംബൈ: ബാർ ലൈസൻസ് നേടിയെടുക്കാൻ വയസിൽ കൃത്രിമം കാണിക്കുകയും വ്യാജ രേഖ ചമക്കുകയും ചെയ്ത സംഭവത്തിൽ നർകോടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയരക്ടർ സമീർ വാങ്കഡെക്കെതിരെ എഫ്.ഐ.ആർ.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, സത്യപ്രതിജ്ഞയിൽ തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് താനെയിലെ കൊപാരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത്.
പ്രായപൂർത്തിയാകുന്നതിന് മുമ്പേ സമീർ നവി മുംബൈയിൽ ഒരു ബാറിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരുന്നതായി എൻ.സി.പി നേതാവ് നവാബ് മാലിക് ആേരാപിച്ചിരുന്നു. നവി മുംബൈയിലെ ഹോട്ടലായ സദ്ഗുരുവിലെ ബാറിന് ലൈസൻസ് ലഭിക്കുമ്പോൾ സമീർ വാങ്കഡെയ്ക്ക് 17 വയസായിരുന്നുവെന്നായിരുന്നു നവാബ് മാലികിന്റെ ആരോപണം.
1997 ഒക്‌ടോബർ 27ന് ബാർ ലൈസൻസ് ലഭിക്കുമ്പോൾ സമീർ വാങ്കഡെക്ക് 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ലോക്കൽ എക്‌സൈസ് ഓഫീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ മാസം ആദ്യം ബാറിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഡംബര കപ്പൽ ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമീർ വാങ്കഡെ വാർത്തകളിൽ നിറഞ്ഞ് നിന്നത്. എന്നാൽ വിവാദങ്ങളിൽ അകപ്പെട്ടതോടെ അന്വേഷണ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.