ന്യൂഡൽഹി: മുസ്ലിംകളെയും ദലിതുകളെയും ആൾക്കൂട്ടങ്ങൾ തല്ലിക്കൊല്ലുന്നത് രാജ്യത്ത് വർധിച്ചുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം ഭഞ്ജിച്ചതിന് പിറകെ വിശദീകരണവുമായി ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷാ രംഗത്തുവന്നു.മോദി സർക്കാറിെൻറ മൂന്നു വർഷം ആൾക്കൂട്ടം തല്ലിക്കൊന്നതിനേക്കാൾ കൂടുതൽ പേരെ യു.പി.എ സർക്കാറിെൻറ കാലത്ത് തല്ലിക്കൊന്നിട്ടുണ്ടെന്നും അന്നാരും ചോദ്യംചെയ്തിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു. മുസ്ലിം വ്യാപാരിയെ തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയതിന് ഝാർഖണ്ഡിൽ ബി.ജെ.പി നേതാവ് അറസ്റ്റിലായ വാർത്ത വന്ന ദിവസമാണ് അമിത് ഷാ ഗോവയിലെ പനാജിയിൽ ബി.ജെ.പി പ്രഫഷനലുകളുടെ യോഗത്തിൽ പാർട്ടിയെ ന്യായീകരിച്ചത്. ഇപ്പോൾ തല്ലിക്കൊന്ന സംഭവങ്ങളെ പഴയ സംഭവങ്ങളുമായി താൻ താരതമ്യം ചെയ്യുന്നിെല്ലന്നും ഇത് ഗൗരവതരമായി കാണുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
എന്നാൽ 2011, 2012, 2013 വർഷങ്ങളിൽ ഇതിലേറെ പേരെ ആൾക്കൂട്ടം തല്ലിക്കൊന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷം ആൾക്കൂട്ടം ആകെ തല്ലിക്കൊന്നതിനേക്കാൾ പേരെ അതിനു മുമ്പിലുള്ള വർഷങ്ങളിൽ തല്ലിെക്കാന്നിട്ടുണ്ട്. രാജ്യത്ത് ഇത്തരത്തിൽ ഒരു പേടിയുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മുമ്പുണ്ടായ ഇത്തരം സംഭവങ്ങളിൽ അറസ്റ്റ് നടന്നതായി അറിയുമോ എന്നും അമിത് ഷാ ചോദിച്ചു. ഇത്തരമൊരു ഭയം രാജ്യത്തുള്ളതായി തനിക്കറിയിെല്ലന്നും അങ്ങനെയൊന്നിെല്ലന്നും അമിത് ഷാ പറഞ്ഞു.
ക്രമസമാധാനം സംസ്ഥാന വിഷയമാണ്. മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടപ്പോൾ സമാജ്വാദി പാർട്ടി സർക്കാറായിരുന്നു ഉത്തർപ്രദേശിൽ ഭരണത്തിൽ. അത്തരമൊന്ന് സംഭവിക്കാതെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ, പ്രക്ഷോഭം നടക്കുന്നത് ഡൽഹിയിൽ നരേന്ദ്ര മോദി സർക്കാറിന് മുന്നിലാണ്. ഇതെന്ത് ഫാഷനാണെന്നും അമിത് ഷാ ചോദിച്ചു.
എന്നാൽ, അമിത് ഷായുടെ പ്രസ്താവനയെ ജനതാദൾ-യു നേതാവ് അലി അൻവർ അൻസാരി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തല്ലിക്കൊല്ലാൻ പ്രസ്താവന നടത്തുന്ന നേതാക്കൾക്ക് പാർട്ടിയിൽ ഉന്നത പദവികൾ നൽകുകയും അവർക്ക് രക്ഷപ്പെടാൻ ബി.ജെ.പി അവസരമൊരുക്കുകയും ചെയ്യുന്നതിനാലാണ് രാജ്യത്ത് ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതെന്ന് അലി അൻവർ അൻസാരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.