ചെന്നൈ: തോൽവിയറിയാത്ത ജനനേതാവായിരുന്നു കരുണാനിധി. ജയലളിത മാത്രമായിരുന്നു കലൈജ്ഞറിന് മുന്നിൽ വെല്ലുവിളി ഉയർത്തിയത്. 1957 മുതൽ 13 തവണയാണ് കരുണാനിധി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാലയളവിലൊന്നും തോൽവിയെന്തെന്ന് കരുണാനിധി അറിഞ്ഞില്ല, അല്ലെങ്കിൽ തമിഴകം അദ്ദേഹത്തെ അറിയിച്ചില്ല.
അഞ്ച് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ കാലയളവിലാണ് കരുണാനിധി തമിഴ്നാട് ഭരിച്ചത്.
1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്‍റെ മുന്നണിയിലുണ്ടായിരുന്നു. ഡി.എം.കെയുടെ ആദ്യകാല രൂപമായിരുന്ന ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായ കരുണാനിധി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. അന്ന് 14 വയസായിരുന്നു പ്രായം. ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ വിദ്യാർഥി വിഭാഗമായ തമിഴ്നാട് മാനവര്‍ മൻട്രം എന്ന സംഘടന രൂപീകരിച്ചതും കരുണാനിധിയാണ്.
പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'കുടിയരശ്' എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് 'മുരസൊലി' എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി അദ്ദേഹം പിന്നീട് സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.