ഭോപ്പാൽ: പന്ത്രണ്ടുവയസിനു താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുന്ന ബിൽ മധ്യപ്രദേശ് നിയമസഭ പാസാക്കി. മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ നിയമസഭയിൽ ബിൽ കഴിഞ്ഞ ആഴ്ച ചർച്ചക്കെടുത്തിരുന്നു. നിയമസഭയുടെ ശീതകാല സമ്മേളനത്തിെൻറ ആദ്യ ദിനമായ ഇന്ന് ബിൽ പാസാക്കുകയായിരുന്നു.
പന്ത്രണ്ടുവയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പിലാക്കണമെന്നാണ് ബില്ലിലുള്ളത്. പീഡനശ്രമം, സ്ത്രീകളെ അപമാനിക്കൽ, തുറിച്ചുനോട്ടം തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് നൽകുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലിൽ നിർദേശമുണ്ട്. ഇത്തരം കേസുകളിൽ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ബില്ലിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി പരിഗണിക്കും.
സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ ദിനംപ്രതി പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് പുതിയ നിയമം രൂപീകരിക്കാൻ സർക്കാർ രംഗത്തെത്തിയത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2015ൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിൽ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.