ഭോപൽ: മധ്യപ്രദേശിൽ മുഖ്യമന്ത്രി കന്യാദൻ യോജനയുടെ ഭാഗമായി കഴിഞ്ഞ ദിവസം സമൂഹ വിവാഹം നടത്തിയിരുന്നു. നിരവധി യുവതീ-യുവാക്കളാണ് ഇവിടെ വെച്ച് വിവാഹിതരായത്. എന്നാൽ, ചടങ്ങുകളിലൊന്നും പങ്കെടുക്കാതെ വിവാഹവേദിയിൽ വന്നിരിക്കുക മാത്രം ചെയ്ത നവദമ്പതികളെ പലരും ശ്രദ്ധിച്ചു. ഇവരോട് കാര്യം തിരക്കിയപ്പോഴാണ് ഇവർ സമൂഹ വിവാഹ വേദിയിൽ വെച്ച് വിവാഹിതരാവാൻ എത്തിയവരല്ലെന്ന് അറിഞ്ഞത്.
മുഖ്യമന്ത്രി കന്യാദൻ യോജനയിൽ വിവാഹിതരാകുന്നവർക്ക് 49,000 രൂപ അനുകൂല്യമായി കിട്ടും. ഇതിനായാണ് യുവതിയും യുവാവും സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇവർ മണ്ഡപത്തിലെ ആചാരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. പഞ്ചായത്ത് അധികൃതരാണ് ഇവരോട് സമൂഹവിവാഹത്തിൽ പങ്കെടുക്കാൻ നിർദേശിച്ചത്.
മധ്യപ്രദേശിലെ നഗ്ദ ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു വിവാഹങ്ങൾ നടന്നത്. നരേന്ദ്ര മോദി സ്‌പോർട്‌സ് കോംപ്ലക്‌സിൽ 81 ദമ്പതികൾ വിവാഹിതരായ ചടങ്ങിൽ ഹിന്ദു വിവാഹങ്ങളും മുസ്ലീം നിക്കാഹ്കളുമാണ് നടന്നത്.
വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഒരു ദമ്പതികൾ മാത്രം ആചാരങ്ങൾ പൂർത്തിയാക്കാതെ മണ്ഡപത്തിലിരിക്കുന്നത് സംഘാടകരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് തങ്ങളുടെ വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിട്ടുണ്ടെന്നും 2025 ഫെബ്രുവരിയിൽ തങ്ങൾ വിവാഹിതരാകുമെന്നും അതുവരെ സിന്ദൂരമോ വിവാഹത്തിന്റെ മറ്റ് ഒരു ചടങ്ങും ചെയ്യില്ലെന്നും ദമ്പതികൾ പറഞ്ഞത്.
സമൂഹവിവാഹത്തിൽ പങ്കെടുക്കാൻ പഞ്ചായത്ത് അധികൃതർ ഇവരെ നിർബന്ധിക്കുകയായിരുന്നു. സമ്മാനമായി സർക്കാർ നൽകുന്ന 49,000 രൂപക്ക് വേണ്ടിയാണ് സമൂഹ വിവാഹത്തിൽ പങ്കെടുത്തതെന്ന് ദമ്പതികൾ പറഞ്ഞു.
അതേസമയം, സമൂഹവിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളും ഇതോടെ ചർച്ചയായിട്ടുണ്ട്. മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാതെ ഉദ്യോഗസ്ഥർ അഴമതി കാട്ടുകയാണെന്ന ആരോപണമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.