​വോട്ടിങ്​ മെഷീൻ തട്ടിപ്പ്​; കലക്​ടറെയും എസ്​.പിയെയും സ്​ഥലം മാറ്റി

ഭോപ്പാൽ: മധ്യപ്രദേശിലെ ബിന്ദിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇ.വി.എം) അരങ്ങേറിയ വൻ തട്ടിപ്പ് പുറത്തായതിന് പിന്നാലെ ജില്ല കലക്ടറെയും എസ്.പിയെയും മധ്യപ്രദേശ് സർക്കാർ സ്ഥലം മാറ്റി.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായി കണ്ടെത്തിയത്. തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഇലക്ഷൻ കമീഷൻ ജില്ല തെരഞ്ഞെടുപ്പ് ഒാഫീസറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മൂന്ന് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പകരം ചുമതല നല്‍കണമെന്നും സര്‍ക്കാറിനോട് കമീഷന്‍ നിര്‍ദേശിച്ചു. ജില്ലയിലെ 17 ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങളും കമീഷന്‍ തേടിയിട്ടുണ്ട്. അതേസമയം ഇ.വി.എം യന്ത്രം ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണം മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിഷേധിച്ചു. യന്ത്രങ്ങളെല്ലാം സുരക്ഷിതമാണെന്നും ഡെമോ പ്രദര്‍ശനത്തില്‍ സംഭവിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

വി.വി.പാറ്റ് സംവിധാനത്തോടെയുള്ള ഇ.വി.എമ്മായിരുന്നു ഇവിടെ ഉപയോഗിച്ചത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വിവിപാറ്റ്. എന്നാല്‍, ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പ് ലഭിച്ചപ്പോഴായിരുന്നു തട്ടിപ്പ് പുറത്തായത്.

നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പിൽ ബി.എസ്.പി നേതാവ് മായാവതിയും എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും  വോട്ടിങ് മെഷീനിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു.

 

 

 

 


 

Tags:    
News Summary - Madhya Pradesh government shunts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.