മുസ്‍ലിം പേരുപയോഗിച്ച് 200 ഏക്കർ ഭൂമി ചുളുവിൽ സ്വന്തമാക്കി ഹിന്ദുത്വ ഗ്രൂപ്പ്

മധ്യപ്രദേശിൽ മുസ്‍ലിം പേര് ഉപയോഗിച്ച് ഏക്കർ കണക്കിന് ഭൂമി ചുളുവിലക്ക് സ്വന്തമാക്കി ഹിന്ദുത്വ ഗ്രൂപ്പ്. ഭൂവുടമകൾക്കിടയിൽ മുസ്‍ലിം ഭീതി പടർത്തിയാണ് ഇവർ തുച്ഛമായ വിലക്ക് വസ്തുക്കൾ കവർന്നത്. 200 ഏക്കർ ഭൂമിയാണ് പ്രദേശത്ത് സംഘം വാങ്ങിക്കൂട്ടിയതെന്ന് 'എൻ.ഡി ടി.വി' റിപ്പോർട്ട് ചെയ്തു. മുസ്‍ലിം പേരുകളിൽ ഭൂവുടമകളെ സമീപിച്ചിട്ട് സമീപത്തുള്ള വസ്തുക്കൾ തങ്ങൾ വാങ്ങിയെന്നും ഹജ്ജ് കമ്മിറ്റി ഓഫിസ് പണിയാനാണ് പദ്ധതിയെന്നും ധരിപ്പിച്ചാണ് ഭൂമികൾ വാങ്ങിക്കൂട്ടിയതെന്ന് വാർത്തയിൽ പറയുന്നു. മധ്യപ്രദേശിലെ ഒരു ഹിന്ദുത്വ സംഘടനയുമായി ബന്ധമുള്ള ആളുകളാണ് ഇതിന് പിന്നിൽ. ഭൂമി ഭൂരിഭാഗവും ചെറുകിട കർഷകരുടെയാണ്. ഈ പ്രദേശത്ത് ഇപ്പോൾ ഒരു ഹൗസിംഗ് കോളനി രൂപപ്പെടുന്നതിനാൽ അന്വേഷണത്തിനായി നാട്ടുകാർ പൊലീസിനെ സമീപിച്ചു. ഇത് മുസ്ലീം പ്രദേശമാകുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നതിനാലാണ് ഞങ്ങൾ ഭൂമി വിറ്റതെന്നും ഇപ്പോൾ വഞ്ചിക്കപ്പെട്ടിരിക്കുന്നെന്നും ഭൂമി വിറ്റവർ പറയുന്നു.

'തൻസീമെ-സർഖേസ്' എന്ന ഉറുദു നാമത്തിലുള്ള സംഘടനയാണ് ഭൂമി വാങ്ങുന്നത് എന്ന വ്യാജേനയായിരുന്നു ഹിന്ദുത്വ സംഘം പ്രവർത്തിച്ചിരുന്നത്. ബി.ജെ.പി നേതാവായ രഞ്ജീത് സിംഗ് ദണ്ഡീറിന്റെ നേതൃത്വത്തിലുള്ള സംഘം, ഇടപാടുകൾ നടന്നതിന് ശേഷം 2007ൽ 'പ്രൊഫസർ പി.സി. മഹാജൻ ഫൗണ്ടേഷൻ' എന്ന പേരാക്കി മാറ്റി. എന്നാൽ, ആരോപണം അവർ നിഷേധിക്കുകയാണ്.

"ഞങ്ങൾ ഭൂമി നന്നായി ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്" -ഫൗണ്ടേഷൻ ഡയറക്ടർ രവി മഹാജൻ പറഞ്ഞു. പാർപ്പിട പ്ലോട്ടുകൾക്ക് പുറമേ, അലഞ്ഞുതിരിയുന്ന പശുക്കൾക്ക് ഒരു ഗോശാലയും പാർപ്പിടവും നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തോട് പൊലീസും ഭരണകൂടവും പ്രതികരിച്ചിട്ടില്ല. "ഞങ്ങളുടെ പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഈ പ്രശ്നം വിൽപ്പനക്കാരനും വാങ്ങുന്നയാളും തമ്മിലുള്ളതാണ്. അവർക്ക് അവരുടേതായ സാമ്പത്തിക താൽപ്പര്യമുണ്ട്" -സംസ്ഥാന ബി.ജെ.പി സെക്രട്ടറി രജനിഷ് അഗർവാൾ പറഞ്ഞു.

തങ്ങളെ സമീപിച്ച ഏജന്റുമാർ മുസ്ലീങ്ങളാണെന്ന് പറഞ്ഞ് തങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് കർഷകർ പറയുന്നു. ''2004-ൽ സാക്കിർ എന്നയാൾ ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളുടെ ചുറ്റുമുള്ള സ്ഥലമെല്ലാം വാങ്ങിയെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ ഭൂമി അയാൾക്ക് വിറ്റു'' -നന്ദകിഷോർ കുശ്വാഹ എന്നയാൾ പറയുന്നു. "ഇവിടെ ഉടൻ ഒരു അറവുശാല ഉണ്ടാകും. നിങ്ങളുടെ ഭൂമി മുസ്ലീങ്ങൾക്ക് വിൽക്കുക. മുസ്‍ലിംകൾ എന്തായാലും ഇവിടെ സ്ഥിരതാമസമാക്കുകയാണ്'' -ഏജന്റ് പറഞ്ഞതായി കുശ്വാഹ അറിയിച്ചു. തന്റെ അഞ്ചേക്കറിന് 40,000 രൂപ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി രൂപീകരിക്കുമെന്നും ശ്മശാന സ്ഥലം സജ്ജീകരിക്കുമെന്നും പറഞ്ഞാണ് തങ്ങളിൽനിന്ന് ഭൂമി തട്ടിയതെന്ന് മറ്റുള്ളവർ പറയുന്നു.

സാക്കിർ ഷെയ്ഖ് എന്ന വ്യക്തിയെ മാനേജരായി നിയമിച്ച ഒരു കൂട്ടം ഹിന്ദുക്കൾ 2002ലാണ് തൻസീമെ-സർഖേസ് രൂപീകരിച്ചത്. അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു, "ഒരു സാമൂഹിക ലക്ഷ്യത്തിനായി പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ ഉദ്ദേശ്യമെന്ന് ഞാൻ കരുതി. എന്നാൽ ഞാൻ ആരെയും അവരുടെ ഭൂമി വിൽക്കാൻ നിർബന്ധിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതേ ഗ്രൂപ്പായ പ്രകാശ് സ്മൃതി സേവാ സൻസ്ഥാൻ രൂപീകരിച്ച മറ്റൊരു സംഘടനയാണ് കുറച്ച് ഭൂമി വാങ്ങിയത്.

200 ഏക്കറിൽ 150ഉം 11 വ്യക്തികളിൽ നിന്നോ സംഘടനകളിൽ നിന്നോ വാങ്ങിയതാണ്. ബാക്കിയുള്ള ഭൂമി ചെറുകിട കർഷകരുടേതായിരുന്നു. ഒരു ഹജ്ജ് കമ്മിറ്റി രൂപീകരിക്കുമെന്നും മുസ്ലീങ്ങൾ ഇവിടെ സ്ഥിരതാമസമാക്കുമെന്നും എന്റെ ബന്ധുക്കൾക്ക് തോന്നി - അതിനാലാണ് അവർ പരിഭ്രാന്തരായി ഭൂമി വിറ്റതെന്ന് സഞ്ജയ് സിംഗ്വി എന്ന വ്യവസായി പറഞ്ഞു.

ട്രസ്റ്റിന്റെ തലവനായ ബി.ജെ.പി നേതാവ് രഞ്ജീത് ദണ്ഡീർ എൻ.ഡി.ടി.വിയോട് പറഞ്ഞു, "ഞാൻ അറിയപ്പെടുന്ന ആളായതിനാലാണ് എന്റെ പേര് ഇതിലെല്ലാം വലിച്ചിഴക്കുന്നത്. ഞാൻ ഏഴു തവണ ജയിലിലായി. എന്റെ മേൽ കൊലപാതക കുറ്റങ്ങൾ ഉണ്ട്. കാരണം എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഹിന്ദു സമൂഹത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഖർഗോണിൽ ഒരു ഗോശാല വേണം. ഇവിടെ ഒരെണ്ണം പണിതാൽ സമൂഹത്തിനും പശുക്കൾക്കും എന്തെങ്കിലും നല്ലത് ചെയ്യാമെന്ന് ഞാൻ കരുതി. തൻസീമെ-സർഖെസ് എന്ന് പേരിട്ടാൽ എന്താണ് പ്രശ്‌നമെന്ന് എനിക്കറിയില്ല''. മുമ്പ് ബജ്‌റംഗ്ദളിന്റെ സംസ്ഥാന കോ-കൺവീനറായിരുന്നു ദണ്ഡീർ, ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    
News Summary - Madhya Pradesh Hindu Body Allegedly Used Muslim Name To Build Real Estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.